ബെംഗളൂരു: നഗര നിവാസികള്‍ക്ക് ശുഭവാർത്തയുമായി ബിഎംആർസിഎല്‍. യെല്ലോ ലൈൻ മെട്രോയില്‍ തിരക്കേറിയ സമയങ്ങളില്‍ യാത്രക്കാർക്ക് ഇനി കുറഞ്ഞ കാത്തിരിപ്പ് മാത്രം മതിയാകും.പീക്ക് സമയങ്ങളില്‍ ട്രെയിൻ സർവീസുകള്‍ ഓരോ പത്ത് മിനിറ്റിലും ലഭ്യമാക്കാൻ തീരുമാനമായതോടെയാണ് ആശ്വാസം. ജനുവരി 15 മുതല്‍ ഏഴാമത്തെ ട്രെയിൻകൂടി സർവീസിനായി ചേർത്തതായി ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു. ഇത് സർവീസ് ഇടവേളകള്‍ കുറയ്ക്കാൻ ഉപകരിക്കും.പുതിയ സമയക്രമം തിങ്കള്‍ മുതല്‍ ശനി വരെ ബാധകമാണ്. തിരക്കേറിയ മണിക്കൂറുകളിലെ 13 മിനിറ്റ് ഇടവേള ഇതോടെ 10 മിനിറ്റായി ചുരുങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഞായറാഴ്‌ചകളില്‍, പീക്ക് സമയങ്ങളില്‍ 15 മിനിറ്റിനു പകരം 14 മിനിറ്റില്‍ ട്രെയിനുകളെത്തും. എന്നാല്‍ ആർവി റോഡ്, ബൊമ്മസന്ദ്ര ടെർമിനലുകളിലെ ആദ്യത്തെയും അവസാനത്തെയും ട്രെയിൻ സമയങ്ങളില്‍ മാറ്റമില്ലെന്നും ബിഎംആർസിഎല്‍ വ്യക്തമാക്കി.യെല്ലോ ലൈനിലെ മെട്രോ സർവീസുകള്‍ ഇതോടെ കൂടുതല്‍ മെച്ചപ്പെടും. ഒരു പുതിയ ട്രെയിൻ കൂടി ഉള്‍പ്പെടുത്തിയതോടെ തിരക്കേറിയ സമയങ്ങളില്‍ യാത്രാസൗകര്യം വർധിക്കും.
2025 ഡിസംബർ 23-നാണ് ആറാമത്തെ ട്രെയിൻ ഉള്‍പ്പെടുത്തിയത്, ഇതോടെ പ്രവൃത്തിദിവസങ്ങളിലെ സർവീസ് ഇടവേള 15-ല്‍ നിന്ന് 13 മിനിറ്റായി. നവംബർ ഒന്നിന് അഞ്ചാമത്തെ ട്രെയിൻ ചേർത്തപ്പോള്‍ ഇത് 19-ല്‍ നിന്ന് 15 മിനിറ്റായി കുറച്ചിരുന്നു.മൂന്ന് ട്രെയിൻ സെറ്റുകളുമായി 2025 ഓഗസ്‌റ്റ് 10-ന് പ്രവർത്തനം തുടങ്ങിയ യെല്ലോ ലൈൻ, കഴിഞ്ഞ വർഷത്തെ പഠനമനുസരിച്ച് ഗതാഗതക്കുരുക്ക് 37 ശതമാനം കുറച്ചതായി കണ്ടെത്തിയിട്ടുണ്ട്. ബംഗളുരുവിലെ ട്രാഫിക് പോലീസാണ് ഈ നിർണായക കണ്ടെത്തല്‍ നടത്തിയത്. കൂടുതല്‍ ട്രെയിനുകള്‍ വരുന്നതോടെ ട്രാഫിക് ബ്ലോക്കിന് ഗണ്യമായ കുറവ് ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍.അതേസമയം, ഡിജിറ്റല്‍ ടിക്കറ്റിംഗിന്റെ ഭാഗമായി, ജനുവരി 15 മുതല്‍ ബെംഗളൂരു മെട്രോ മൊബൈല്‍ അധിഷ്‌ഠിത അണ്‍ലിമിറ്റഡ് യാത്രാ പാസുകളും അവതരിപ്പിച്ചിരുന്നു. നമ്മ മെട്രോ ആപ്പില്‍ ഈ ക്യുആർ കോഡ് പാസുകള്‍ 1, 3, അല്ലെങ്കില്‍ 5 ദിവസത്തെ കാലാവധിയില്‍ ലഭിക്കും. സ്‌മാർട്ട് കാർഡുകള്‍ക്ക് ആവശ്യമായിരുന്ന 50-യുടെ റീഫണ്ടബിള്‍ നിക്ഷേപം ഇപ്പോള്‍ ആവശ്യമില്ല.യാത്രക്കാർക്ക് ഫോണിലെ ക്യുആർ കോഡ് എൻട്രി, എക്‌സിറ്റ് ഗേറ്റുകളില്‍ സ്‌കാൻ ചെയ്‌ത് എളുപ്പത്തില്‍ യാത്ര ചെയ്യാം. ഒരു ദിവത്തേക്ക് 250 രൂപയും, മൂന്ന് ദിവസത്തേക്ക് 550 രൂപയും, അഞ്ച് ദിവസത്തേക്ക് 850 രൂപയുമാണ് പാസ് നിരക്കുകള്‍. പുതിയ സംവിധാനം സ്‌റ്റേഷനുകളിലെ അനിയന്ത്രിത തിരക്ക് കുറയ്ക്കുമെന്നും ദൈനംദിന യാത്രക്കാർക്ക് മെട്രോ യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കുമെന്നും ബിഎംആർസിഎല്‍ ചൂണ്ടിക്കാട്ടി.