ബെംഗളൂരു: ഐടി കേന്ദ്രമായ ഇലക്ട്രോണിക്‌സ് സിറ്റിയിലേക്കുള്ള നമ്മ മെട്രോ യെല്ലോ ലൈനിലെ സർവീസുകൾ തമ്മിലുള്ള ഇടവേള 10 മിനിറ്റായി കുറയും. ലൈനിൽ ഏഴാമത്തെ തീവണ്ടി വ്യാഴാഴ്ച മുതൽ ഓടിത്തുടങ്ങുന്നതോടെയാണ് ഇടവേള കുറയുന്നത്. തിങ്കൾ മുതൽ ശനി വരെ ഓഫീസ് സമയത്തിലാണ് 10 മിനിറ്റ് ഇടവേളയിൽ സർവീസ് നടത്തുന്നത്. നിലവിൽ ഇത് 13 മിനിറ്റാണ്. ഞായറാഴ്ചകളിൽ തിരക്കേറിയ സമയത്തെ സർവീസുകൾ തമ്മിലുള്ള ഇടവേള 15 മിനിറ്റിൽനിന്ന് 14 മിനിറ്റായും കുറയും.സർവീസുകളുടെ എണ്ണം കൂടിയെങ്കിലും ഈ പാതയിൽ രാവിലെ സർവീസ് ആരംഭിക്കുന്ന സമയത്തിലും അവസാനിപ്പിക്കുന്ന സമയത്തിലും മാറ്റമുണ്ടാകില്ല. രാവിലെ എട്ടുമുതൽ 12 വരെയും വൈകീട്ട് നാലു മുതൽ ഒൻപതു വരെയുമുള്ള സമയമാണ് ഓഫീസ് സമയമായി കരുതുന്നത്. കൂടുതൽ തിരക്കുള്ള ഈ സമയത്ത് സർവീസുകൾ തമ്മിലുള്ള ഇടവേള പത്ത് മിനിറ്റായെങ്കിലും കുറയ്ക്കണമെന്നായിരുന്നു യാത്രക്കാരുടെ ആവശ്യമാണ് ഇപ്പോൾ നിറവേറ്റുന്നത്.ഡിസംബറിലാണ് ആറാമത്തെ തീവണ്ടി സർവീസ് ആരംഭിച്ചത്. ഇതോടെ തിരക്കുള്ള സമയത്തെ സർവീസുകളുടെ ഇടവേള 15 മിനിറ്റിൽനിന്ന് 13 മിനിറ്റായി കുറയുകയായിരുന്നു. ഇതിപ്പോൾ 10 മിനിറ്റായി കുറയുകയാണ്. ഇതിനൊപ്പം യാത്രക്കാരുടെ എണ്ണവും വർധിക്കുമെന്ന പ്രതീക്ഷയുണ്ട്. നമ്മ മെട്രോയുടെ പ്രവർത്തനക്ഷമമായ മൂന്നാമത്തെ പാതയായ യെല്ലോ ലൈനിൽ ഓഗസ്റ്റിലാണ് സർവീസ് ആരംഭിച്ചത്. ആർവി റോഡിൽനിന്ന് ബൊമ്മസാന്ദ്രയിലേക്ക് 19.15 കിലോ മീറ്റർ ദൈർഘ്യമുള്ള പാതയിലെ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ളാഗ് ഓഫ് ചെയ്തത്.മൂന്ന് ട്രെയിൻ മാത്രമാണ് തുടക്കത്തിൽ സർവീസ് നടത്തിയിരുന്നത്. 25 മിനിറ്റുകളുടെ ഇടവേളകളിലായിരുന്നു സർവീസുകൾ.
സെപ്റ്റംബറിൽ ഒരു തീവണ്ടികൂടി സർവീസിനെത്തി. ഇതോടെഇടവേള 19 മിനിറ്റായി കുറഞ്ഞു. പിന്നീട് അഞ്ചാംതീവണ്ടി എത്തിയതോടെ ഓഫീസ് സമയത്തെ ഇടവേള 15 മിനിറ്റായി കുറയുകയായിരുന്നു. 5,056.99 കോടി രൂപ മുടക്കിയാണ് യെല്ലോ ലൈൻ നിർമാണം പൂർത്തിയാക്കിയത്. ആർവിറോഡ്, ഹൊസ റോഡ്, കുട്ലു ഗേറ്റ്, ബൊമ്മനഹള്ളി , ഇലക്ട്രോണിക് സിറ്റി തുടങ്ങി 16 സ്റ്റേഷനുകൾ ഈ റൂട്ടിലുണ്ട്. പൂർണമായും ആകാശപാതയാണിത്.