ബംഗളൂരു: ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവെച്ചതില്‍ മനംനൊന്ത് ബി.ജെ.പി പ്രവര്ത്തകന് ജീവനൊടുക്കി. ചാമരാജ് നഗര്‍ ജില്ലയിലെ ഗുണ്ടല്‍പേട്ട് ബൊമ്മലപുര സ്വദേശി രാജപ്പ എന്ന രവിയെയാണ് (35) ചൊവ്വാഴ്ച രാവിലെ കടക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബൊമ്മനപുരയില് ബേക്കറി നടത്തുകയായിരുന്ന രവി യെദിയൂരപ്പയുടെ കടുത്ത ആരാധകനായിരുന്നു. ബേക്കറി കട നടത്തിവരുന്നതിനൊപ്പം പ്രാദേശിക ബി.ജെ.പി നേതാവായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. യെദിയൂരപ്പ രാജിവെച്ചത് അറിഞ്ഞതിനുശേഷം രവി കടുത്ത വിഷമത്തിലും നിരാശയിലുമായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ജീവനക്കാരെത്തി ബേക്കറി തുറന്നപ്പോഴാണ് കടക്കുള്ളില്‍ രവിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രവിയുടെ ആത്മഹത്യ വേദനാജനകമാണെന്നും ഇത്തരം നടപടികളിലേക്ക് പ്രവര്‍ത്തകര്‍ നീങ്ങരുതെന്നും ബി.എസ്. യെദിയൂരപ്പ ട്വീറ്റ് ചെയ്തു.