ബെംഗളൂരു : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലാൽബാഗ് പുഷ്പമേള നാളെ ആരംഭിക്കും. കന്നഡ എഴുത്തുകാരനും പരിസ്ഥിതിപ്രവർത്തകനുമായിരുന്ന കെ.പി. പൂർണചന്ദ്ര തേജസ്വിയ്ക്ക് സമർപ്പിക്കുന്ന ഇത്തവണത്തെ മേള റിപ്പബ്ലിക് ദിനം വരെ തുടരും.ലാൽബാഗിലെ ചരിത്ര പ്രസിദ്ധമായ ഗ്ലാസ് ഹൗസിലാണ് ഇതിനായി പുഷ്പാലങ്കാരം തയ്യാറാക്കിയിരിക്കുന്നത്. പൂക്കളും പൂച്ചെടികളും കൂടാതെ തടിയിലുള്ള ശില്പങ്ങൾ അടക്കമുള്ള കൗതുകക്കാഴ്ചകളും മേളയിൽ ഒരുക്കിയിട്ടുണ്ട്.
ആധുനിക യുദ്ധക്കോപ്പുകളുടെ പ്രദർശനവും ജൈവകൃഷിയുമായി ബന്ധപ്പെട്ട പ്രദർശനങ്ങളുമുണ്ടായിരിക്കും. വിത്തുകളും കാർഷികയന്ത്രങ്ങളും ലഭ്യമായ 125 സ്റ്റാളുകൾ മേളയിലുണ്ട്.വാരാന്ത്യങ്ങളിൽ 100 രൂപയും മറ്റ് ദിവസങ്ങളിൽ 80 രൂപയുമാണ് പ്രവേശന ഫീസ്. കുട്ടികൾക്ക് 30 രൂപയാണ്. യൂണിഫോം ധരിച്ച് എത്തുന്ന വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമാണ്.