മംഗളുരു:കര്‍ണാടക രാഷ്ട്രീയത്തില്‍ നാഴികക്കല്ലാണ് മുഖ്യമന്ത്രി മാറ്റം. പിതാവ് പകര്‍ന്ന സോഷ്യലിസ്റ്റ് പാഠങ്ങള്‍ ഉപേക്ഷിച്ച ബസവരാജ് ബൊമ്മയാണ് പുതിയ മുഖ്യമന്ത്രി. ബി എസ് യദ്യൂരപ്പക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയതാവട്ടെ മകനെ ഊട്ടിയ അധികാരത്തിന്റെ മത്തും.
മുന്‍ പ്രധാനമന്ത്രി എച് ഡി ദേവഗൗഢ, മുന്‍ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡെ, ജെ എച് പടെല്‍ തുടങ്ങിയവര്‍ക്കൊപ്പം കര്‍ണാടക രാഷ്ട്രീയത്തിന് സോഷ്യലിസ്റ്റ് ദിശ നല്കിയ എസ് ആര് ബൊമ്മ എന്ന സോമപ്പ രായപ്പ ബൊമ്മയുടെ മകനാണ് ബസവരാജ് ബൊമ്മ. കര്‍ണാടകയുടെ പതിമൂന്നാം മുഖ്യമന്ത്രിയും കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രിയുമായിരുന്നു അദ്ദേഹം.
രാമകൃഷ്ണ ഹെഗ്ഡെയുടെ രാജിയെത്തുടര്‍ന്ന് 1988 ആഗസ്റ്റ് 13നായിരുന്നു അദ്ദേഹം കര്‍ണാടക മുഖ്യമന്ത്രിയായത്. എന്നാല്‍ 1989 ഏപ്രില്‍ 21ന് ആ സര്‍ക്കാര്‍ അന്നത്തെ ഗവര്‍ണര്‍ വെങ്കടസുബ്ബയ്യ പിരിച്ചുവിട്ടു.
ജനതാപാര്ടിയിലുണ്ടായ ചേരിതിരിവുകള്‍ കാരണം ഭൂരിപക്ഷം നഷ്ടമായി എന്ന കാരണം പറഞ്ഞായിരുന്നു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. എസ് ആര് ബൊമ്മ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച നിര്‍ണായക വിധിയെത്തുടര്‍ന്നാണ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്കുന്ന സംവിധാനം വന്നത്.
എസ് ആര് ബൊമ്മ 2007 ഒക്ടോബര്‍ 10ന് എണ്‍പത്തി നാലാം വയസ്സില്‍ അന്തരിച്ചത് താന്‍ നയിച്ച രാഷ്ട്രീയ വഴികളിലൂടെ സഞ്ചരിക്കുന്ന മകന് ബസവരാജിനെ കണ്ടുകൊണ്ടായിരുന്നു. ജനതാദള്‍ (യു) വിനെ പ്രതിനിധീകരിച്ച് എം എല്‍ സിയായിരുന്നു അപ്പോള്‍ ബസവരാജ്.
പിതാവിന്റെ വിയോഗാനന്തരം 2008 ഫെബ്രുവരിയില്‍ ബി ജെ പിയിലേക്ക് കളം മാറിയ ബസവരാജ് യദ്യൂരപ്പ, സദാനന്ദ ഗൗഢ, ജഗദീഷ് ഷെട്ടര്‍ മന്ത്രിസഭകളില്‍ 2008 – 2013 കാലയളവില്‍ അംഗമായി. നിലവില്‍ ആഭ്യന്തര മന്ത്രിയാണ്. എഞ്ചിനിയറിംഗ് ബിരുദധാരിയാണ് ഈ 61കാരന്.
മക്കള്‍ ദൗര്‍ബ്ബല്ല്യമായ മറ്റൊരു അച്ഛനായിപ്പോയതിന്റെ ദുരന്തമാണ് ബി എസ് യദ്യൂരപ്പക്ക് സംഭവിച്ചത്. ഭാര്യയുടെ മരണം മക്കള്‍ക്ക് ഇരട്ട സ്നേഹം നല്‍കുന്നതിന് വഴിയായി. കുടുംബം, തന്റെ ശിക്കാരിപുര മണ്ഡലം, സ്വന്തം ജില്ലയായ ഷിവമോഗ്ഗ എന്നതായിരുന്നു യദ്യൂരപ്പയുടെ മുന്‍ഗണനാക്രമം.
ഇളയ മകന് വിജയേന്ദ്ര മിനി മുഖ്യമന്ത്രിയാവുന്നതിന്റെ അസ്വാരസ്യങ്ങള്‍ ഭരണതലങ്ങളിലും ചെറുപ്രായത്തില്‍ സംസ്ഥാന ഉപാധ്യക്ഷനായതിന്റെ മുറുമുറുപ്പ് പാര്‍ടിയിലും ഏറെ നാളായി ഉണ്ടായിരുന്നു. തന്റെ കസേര തെറിക്കും എന്ന് ഉറപ്പായപ്പോള്‍ ഡല്‍ഹിയില്‍ ചെന്ന് ദേശീയ നേതൃത്വത്തോട് പകരം മകനെ പരിഗണിക്കണം എന്ന് അഭ്യര്ത്ഥിക്കുവോളം രംഗബോധം നഷ്ടപ്പെടുത്തിയിരുന്നു എഴുപത്തിയെട്ടുകാരന്റെ പുത്രവാത്സല്ല്യം.