ബെംഗളൂരു : മെട്രോ ശൃംഖലയിലെ പര്‍പ്പിള്‍, ഗ്രീന്‍, യെല്ലോ ലൈനുകളിലെ ട്രെയിന്‍ സര്‍വീസുകള്‍, ട്രാഫിക് ബ്ലോക്കില്‍ വലഞ്ഞിരുന്ന യാത്രക്കാര്‍ക്കു നല്കുന്ന ആശ്വാസം ചെറുതല്ല. പിങ്ക്, ബ്ലൂ ലൈനുകള്‍ ഈ വര്‍ഷം പ്രവര്‍ത്തനക്ഷമമാകുമെന്ന് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് ഉറപ്പു നല്‍കുന്നുണ്ട്. എന്നാല്‍ അധികൃതര്‍ ഇപ്പോഴും മൗനം പാലിക്കുന്നത് ഓറഞ്ച് ലൈനിന്റെ കാര്യത്തിലാണ്. നമ്മ മെട്രോയുടെ മൂന്നാം ഘട്ടത്തിലെ ഓറഞ്ച് ലൈന്‍ പദ്ധതി ഇനിയും നിര്‍മ്മാണ ഘട്ടത്തിലേക്കു പോലും കടക്കാത്തതില്‍ യാത്രക്കാര്‍ക്ക് വലിയ അമര്‍ഷമുണ്ട്.ഓറഞ്ച് ലൈന്‍ പാതയില്‍ ആകെ 44.65 കിലോമീറ്റര്‍ ദൂരമാണുള്ളത്. രണ്ട് പ്രധാന ഇടനാഴികളായിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജെപി നഗര്‍ നാലാം ഘട്ടം മുതല്‍ ഔട്ടര്‍ റിംഗ് റോഡ് വഴി ഹെബ്ബാളിനടുത്തുള്ള കെമ്പാപുര വരെയാണ് ആദ്യ ഇടനാഴി. 32.15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാതയില്‍ 22 സ്റ്റേഷനുകളാണുള്ളത്.
ഹോസഹള്ളി മുതല്‍ മഗഡി റോഡ് വഴി കടബാഗെരെ വരെയാണ് രണ്ടാമത്തെ ഇടനാഴി. 12.50 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാതയില്‍ ഒന്‍പത് സ്റ്റേഷനുകളാണുള്ളത്. ഈ മേഖലയിലുള്ളവര്‍ നിലവില്‍ യാത്രയ്ക്കായി ബസുകളെയും സ്വകാര്യ വാഹനങ്ങളെയുമാണ് ആശ്രയിക്കുന്നത്.മെട്രോ ശൃംഖലയിലെ ഏറ്റവും സങ്കീര്‍ണമായ നിര്‍മാണമാണ് ഓറഞ്ച് ലൈനിന്റേത്. ഡബിള്‍ ഡെക്കര്‍ ഡിസൈനിലാണ് ഇതിന്റെ നിര്‍മാണം. നഗരത്തിലെ സ്ഥലം ലാഭിക്കുന്നതിനായി താഴെ റോഡ്, അതിനു മുകളില്‍ ഫ്ളൈ ഓവര്‍, ഏറ്റവും മുകളില്‍ മെട്രോ പാത എന്ന രീതിയിലുള്ള ‘ഡബിള്‍ ഡെക്കര്‍’ മോഡലിലാണ് പദ്ധതി രണ്ടാമത് രൂപകല്‍പ്പന ചെയ്തത്. ഈ പുതിയ രൂപകല്‍പ്പന മൂലം പദ്ധതിയുടെ ആകെ ചെലവ് ഗണ്യമായി വര്‍ദ്ധിച്ചു. ഏകദേശം 9,000 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതിലൂടെ കണക്കാക്കുന്നത്.രൂപരേഖ മാറിയതോടെ സാമ്പത്തിക സഹായത്തിനായി പുതിയ പഠനങ്ങളും ഡിസൈന്‍ അംഗീകാരങ്ങളും ആവശ്യമായി വന്നു. സംസ്ഥാന സര്‍ക്കാര്‍ അധിക ചിലവ് വഹിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പാത യാഥാര്‍ത്ഥ്യമാകുന്നതോടെ നഗരത്തിലെ പ്രധാന ഇടങ്ങളായ ജെ.പി നഗര്‍, ബനശങ്കരി, മൈസൂരു റോഡ്, നാഗര്‍ഭാവി, സുമനഹള്ളി, പീനിയ, ഹെബ്ബാള്‍ എന്നിവ മെട്രോ ശൃംഖലയുമായി ബന്ധിക്കപ്പെടും.