മുംബൈ: ഒരു ടൂർണമെന്റിന് ഇതിലും മികച്ച തുടക്കം കിട്ടാനില്ല. വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ഉദ്ഘാടനമത്സരത്തിൽ അവസാന ഓവർ തുടങ്ങുംവരെ വിജയം ഉറപ്പിച്ച മുംബൈ ഇന്ത്യൻസിനെ ഞെട്ടിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വിജയം റാഞ്ചി. അവസാന ഓവറിൽ ബെംഗളൂരുവിന് ജയിക്കാൻ വേണ്ടത് 18 റൺസ്. നാറ്റ് സിവർ ബ്രെന്റ് എറിഞ്ഞ ഓവറിലെ ആദ്യ രണ്ടുപന്തിലും റണ്ണില്ല.മൂന്നാംപന്തിൽ സിക്സും നാലാം പന്തിൽ ഫോറും അഞ്ചാം പന്തിൽ സിക്സും നേടിയ നദീൻ ഡി ക്ലർക്ക് ആറാം പന്തിലും ഫോറടിച്ച് ബെംഗളൂരുവിന് അവിശ്വസനീയ ജയം നൽകി. ജയം മൂന്നുവിക്കറ്റിന്. 26 റൺസിന് നാലു വിക്കറ്റും നേടിയ നദീൻ കളിയിലെ താരമായി. സ്കോർ: മുംബൈ 20 ഓവറിൽ 154/6. ബെംഗളൂരു: 20 ഓവറിൽ 157/7.44 പന്തിൽ 63 റൺസുമായി നദീൻ പുറത്താകാതെനിന്നു. ഇതിൽ ഏഴു ഫോറും രണ്ടു സിക്സുമുണ്ട്. ഓപ്പണർമാരായ ഗ്രേസ് ഹാരിസും(12 പന്തിൽ 25) സ്മൃതി മന്ഥാനയും (13 പന്തിൽ 18) ചേർന്ന് മൂന്ന് ഓവറിൽ 40 റൺസ് ചേർത്തശേഷം ബെംഗളൂരു പ്രതിസന്ധിയിലായിരുന്നു. അടുത്തടുത്ത ഓവറിൽ ഇരുവരും പുറത്തായശേഷം ദയാലൻ ഹേമലത (7), രാധാ യാദവ് (1), റിച്ചാ ഘോഷ് (6) എന്നിവർ ആറു പന്തുകൾക്കിടെ പുറത്തായതോടെ അഞ്ചിന് 65 എന്നനിലയിലായി.പക്ഷേ, എന്നിട്ടും ബെംഗളൂരു കീഴടങ്ങിയില്ല. ആറാം വിക്കറ്റിൽ നദീനും അരുന്ധതി റെഡ്ഡിയും (25 പന്തിൽ 20) ചേർന്ന് 52 റൺസ് ചേർത്തു. ഒരേ ഓവറിൽ അരുന്ധതി, ശ്രേയങ്കാ പാട്ടീൽ (1) എന്നിവരെ തിരിച്ചയച്ച നിക്കോള കാരി ബെംഗളൂരുവിനെ തളർത്തി. എന്നിട്ടും നദീൻ ഡി ക്ലർക്ക് വിജയതീരത്തെത്തിച്ചു.മലയാളി താരം സജന സജീവന്റെ കരുത്തിലാണ് മുംബൈ ഇന്ത്യൻസ് മികച്ച സ്കോറിലെത്തിയത്. 11 ഓവറിൽ 67 റൺസിന് നാലുവിക്കറ്റ് എന്നനിലയിൽ മുംബൈ തളർന്നുനിൽക്കേ ആറാമതായി ക്രീസിലെത്തിയ വയനാട്ടുകാരി ഏഴു ഫോറും ഒരു സിക്സും ഉൾപ്പെടെയാണ് 45 റൺസിലെത്തിയത്.12-ാം ഓവറിൽ ക്രീസിലെത്തിയ സജന, നിക്കോള കാരിക്കൊപ്പം അഞ്ചാം വിക്കറ്റിൽ 49 പന്തിൽ 82 റൺസ് ചേർത്തു. മുംബൈയുടെ ടോപ് സ്കോററുമായി.
ഓപ്പണർ ജി. കമാലിനി (28 പന്തിൽ 32), നിക്കോള കാരി (29 പന്തിൽ 40) എന്നിവരും തിളങ്ങി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 17 പന്തിൽ 20 റൺസെടുത്തു. ടോസ് നേടിയ ബെംഗളൂരുവിന്റെ ക്യാപ്റ്റൻ സ്മൃതി മന്ഥാന ഫീൽഡിങ് തിരഞ്ഞെടുത്തു.മുംബൈയുടെ സ്കോറിങ് സാവധാനത്തിലായിരുന്നു. അഞ്ച് ഓവറിൽ 21 റൺസിൽ എത്തിയതേയുള്ളൂ. ഇതിനിടെ, നാലു റൺസുമായി പുറത്തായ അമേലിയ കെർ 15 പന്ത് നേരിട്ടിരുന്നു. ആറാം ഓവറിൽ മൂന്നു ഫോർ നേടിയ കമാലിനി റൺറേറ്റ് ഉയർത്താൻ ശ്രമം നടത്തുന്നതിനിടെ നാറ്റ് സിവർ ബ്രെന്റും (4) പുറത്തായി. 20-ാം ഓവറിലെ ആദ്യപന്തിൽ മറ്റൊരു കൂറ്റൻ ഷോട്ടിന് ശ്രമിച്ച് സജന ക്യാച്ചായി. ബെംഗളൂരുവിനുവേണ്ടി ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ നദീൻ ഡി ക്ലർക്ക് നാല് ഓവറിൽ 26 റൺസിന് നാലുവിക്കറ്റ് നേടി. ലോറൻ ബെൽ, ശ്രേയങ്കാ പാട്ടീൽ എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.വർണാഭമായ ചടങ്ങുകളോടെയാണ് നാലാമത് ഡബ്ല്യുപിഎൽ തുടങ്ങിയത്. ഹണി സിങ്, ജാക്വിലിൻ ഫെർണാണ്ടസ്, ഹർനാസ് കൗർ തുടങ്ങിയവർ അണിനിരന്ന നൃത്ത-സംഗീത പരിപാടി മുംബൈ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലെ ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടി.