തമിഴ്നാട് : തമിഴ്‌നാട്ടില്‍ ഒരു ബ്ലിങ്കിറ്റ് ഡെലിവറി ഏജന്റിന്റെ അവസരോചിതമായ ഇടപെടല്‍ ഒരു യുവതിയുടെ ജീവൻ രക്ഷിച്ച വാർത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.രാത്രി വൈകി വന്ന ഒരു ഓർഡർ ശ്രദ്ധിച്ച ഏജന്റിന് തോന്നിയ ചെറിയൊരു സംശയമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. രാത്രി 10 മണി കഴിഞ്ഞ സമയത്താണ് ചെന്നൈയിലെ ഒരു യുവതി ബ്ലിങ്കിറ്റ് വഴി ‘എലിവിഷം’ ഓർഡർ ചെയ്തത്. സാധാരണ സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നത് പോലെ പോയി വരാവുന്ന ഒന്നായിരുന്നു ഇതെങ്കിലും, ഡെലിവറി ഏജന്റായ യുവാവിന് എന്തോ പന്തികേട് തോന്നി. അസമയത്ത് എലിവിഷം മാത്രം ഓർഡർ ചെയ്തത് എന്തിനായിരിക്കും എന്ന ചിന്ത അദ്ദേഹത്തെ അസ്വസ്ഥനാക്കി.ഓർഡർ മൂന്ന് പാക്കറ്റ് എലിവിഷമായിരുന്നു. രാത്രി വൈകി ലഭിച്ച ഈ ഓർഡറുമായി അദ്ദേഹം നിശ്ചിത വിലാസത്തിലേക്ക് പോയി. എന്നാല്‍, സാധനം നല്‍കാനായി യുവതി വാതില്‍ തുറന്നപ്പോള്‍ തന്നെ അദ്ദേഹത്തിന് എന്തോ പന്തികേട് തോന്നി.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് ആ സ്ത്രീ വാതില്‍ തുറന്നത്. അവരുടെ മുഖത്തെ വല്ലാത്തൊരു ഭാവം കണ്ട റൈഡറുടെ ഉള്ളില്‍ അപകടസൂചന മുഴങ്ങി.അദ്ദേഹം ആ യുവതിയോട് വളരെ സൗമ്യമായി സംസാരിച്ചു. തനിക്ക് ദോഷകരമായ ചിന്തകളൊന്നുമില്ലെന്ന് അവർ പറഞ്ഞെങ്കിലും, ആ വാക്കുകള്‍ റൈഡർ വിശ്വസിച്ചില്ല. അദ്ദേഹം അവിടെ തന്നെ നിന്നു. വലിയ സ്നേഹത്തോടെയും കരുതലോടും കൂടി അദ്ദേഹം അവരോട് സംസാരിക്കാൻ തുടങ്ങി. “ജീവൻ അമൂല്യമാണ്, പ്രതിസന്ധികള്‍ കടന്നുപോകും, ഒരിക്കലും സ്വന്തം ജീവൻ അപകടത്തിലാക്കുന്ന തീരുമാനങ്ങള്‍ എടുക്കരുത്” എന്ന് അദ്ദേഹം ആ യുവതിയെ ഓർമ്മിപ്പിച്ചു.അവരുടെ മാനസികാവസ്ഥ മനസ്സിലാക്കി അവരെ ആശ്വസിപ്പിക്കാൻ ആ യുവാവ് കാണിച്ച മനസ്സ് വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. ഒടുവില്‍ യുവാവിന്റെ വാക്കുകേട്ട ആ യുവതി തന്റെ ഓർഡർ ക്യാൻസല്‍ ചെയ്യുകയും യുവാവ് അത് തിരികെ കൊണ്ടു പോകുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിലൂടെ ആ ഡെലിവറി ഡ്രൈവർ തന്നെ തന്റെ അനുഭവം പങ്കുവെച്ചപ്പോള്‍ അത് എല്ലാവരുടെയും കണ്ണുനിറയ്ക്കുന്ന ഒന്നായി മാറി. തന്റെ മുന്നിലുള്ളത് വെറുമൊരു കസ്റ്റമർ അല്ല, മറിച്ച് സഹായം ആവശ്യമുള്ള ഒരു മനുഷ്യനാണെന്ന് ആ യുവാവ് തിരിച്ചറിഞ്ഞുവെന്നും പരസ്പരം കരുതലോടെ നോക്കാൻ ഈ സംഭവം ഒരു ഓർമ്മപ്പെടുത്തലാണെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നത്.