Home തിരഞ്ഞെടുത്ത വാർത്തകൾ മകരസംക്രാന്തിക്കു ശേഷം ഒരു ട്രെയിന്‍ കൂടി; ബെംഗളൂരു മെട്രോ യെല്ലോ ലൈനില്‍ കാത്തിരുന്ന് മുഷിയേണ്ട

മകരസംക്രാന്തിക്കു ശേഷം ഒരു ട്രെയിന്‍ കൂടി; ബെംഗളൂരു മെട്രോ യെല്ലോ ലൈനില്‍ കാത്തിരുന്ന് മുഷിയേണ്ട

by admin

ബെംഗളൂരു :മെട്രോ ശൃംഖലയിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നാണ് യെല്ലോ ലൈന്‍. ഐടി ഹബ്ബായ ഇലക്‌ട്രോണിക് സിറ്റി വഴി കടന്നുപോകുന്നതിനാല്‍ ആയിരക്കണക്കിന് ഐടി പ്രൊഫഷണലുകളാണ് യെല്ലോ ലൈനിനെ ആശ്രയിക്കുന്നത്.ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെ നീളുന്ന 19.15 കിലോമീറ്റര്‍ പാതയില്‍ ശരാശരി ഒരു ലക്ഷത്തോളം പേരാണ് യാത്ര ചെയ്യുന്നത്. സാധാരണയായി പുലര്‍ച്ചെ അഞ്ചു മണി മുതല്‍ രാത്രി 11 മണി വരെയാണ് മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഇത് ഈ മേഖലയിലെ നിരത്തുകളിലെ ഗതാഗതക്കുരുക്കിനും വലിയ ആശ്വാസമായിരുന്നു.ഈ ലൈനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സന്തോഷം പകരുന്ന ഒരു വാര്‍ത്തയാണ് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) പങ്കുവയ്ക്കുന്നത്. യെല്ലോ ലൈനില്‍ യാത്രക്കാരുടെ കാത്തിരിപ്പ് സമയം ഇനിയും കുറയും. എട്ടാമത്തെ ട്രെയിന്‍ എത്തുന്നതോടെ ഫെബ്രുവരി പകുതിയോടെ ഈ റൂട്ടില്‍ ട്രെയിനുകള്‍ തമ്മിലുള്ള ഇടവേള കുറയും. 10 മിനിറ്റോ അതില്‍ താഴെയോ ആയി കാത്തിരിപ്പ് സമയം കുറയ്ക്കാനാണ് ബിഎംആര്‍സിഎല്‍ ലക്ഷ്യമിടുന്നത്.

ഇലക്‌ട്രോണിക് സിറ്റിയെ ബന്ധിപ്പിക്കുന്ന ഈ പാതയിലേക്ക് എട്ടാമത്തെ ട്രെയിന്‍ എത്തുന്നതോടെ യാത്രക്കാരുടെ തിരക്കിനും അല്‍പം ആശ്വസമുണ്ടാകും. നിലവില്‍ തിരക്കേറിയ സമയങ്ങളില്‍ 13 മിനിറ്റ് ഇടവേളയിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.ബിഎംആര്‍സിഎല്ലിനു വേണ്ടി കൊല്‍ക്കത്ത ആസ്ഥാനമായുള്ള ടിറ്റാഗഡ് റെയില്‍ സിസ്റ്റംസാണ് ആറ് കോച്ചുകളുള്ള ട്രെയിന്‍ സെറ്റ് നിര്‍മിച്ചത്. ഇത് കഴിഞ്ഞ വ്യാഴാഴ്ച ബെംഗളൂരുവിലേക്ക് അയച്ചു. മകരസംക്രാന്തിക്ക് (ജനുവരി 15) ശേഷം ഇത് ഹെബ്ബഗോഡി ഡിപ്പോയില്‍ എത്തും. ഹെബ്ബഗോഡി ഡിപ്പോയില്‍ എത്തിയ ശേഷം തുടര്‍ച്ചയായ സുരക്ഷാ പരിശോധനകള്‍ക്കും പരീക്ഷണ ഓട്ടങ്ങള്‍ക്കും ശേഷം ഫെബ്രുവരി പകുതിയോടെ ഈ ട്രെയിന്‍ സര്‍വീസിന് സജ്ജമാകും. നിലവില്‍ ഏഴാമത്തെ ട്രെയിന്‍ പരീക്ഷണ ഓട്ടത്തിലാണ്. ഡിസംബര്‍ 18-നാണ് ഈ ട്രെയിന്‍ സെറ്റ് എത്തിയത്. ഇത് അടുത്ത ആഴ്ച സര്‍വീസ് ആരംഭിക്കുന്നതോടെ തിരക്കേറിയ സമയങ്ങളിലെ ഇടവേള 10-11 മിനിറ്റായി കുറയും.പ്രതിദിനം ശരാശരി ഒരു ലക്ഷം പേര്‍ യാത്ര ചെയ്യുന്ന ആര്‍.വി റോഡ് – ബൊമ്മസാന്ദ്ര യെല്ലോ ലൈന്‍ പാതയില്‍ പുതിയ ട്രെയിനുകള്‍ എത്തുന്നതോടെ തിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നാണ് മെട്രോ അധികൃതരുടെ പ്രതീക്ഷ. നിലവില്‍ ട്രെയിനുകളുടെ കുറവ് കാരണം യാത്രക്കാര്‍ ഏറെ നേരം കാത്തിക്കേണ്ട അവസ്ഥയുണ്ട്.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 11-നാണ് 19.15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യെല്ലോ ലൈന്‍ പ്രവര്‍ത്തനമാരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ലൈന്‍ ഉദ്ഘാടനം ചെയ്തത്. കൂടുതല്‍ ട്രെയിനുകള്‍ എത്തുന്നതോടെ വരും മാസങ്ങളില്‍ മെട്രോ യാത്ര കൂടുതല്‍ സുഗമമാകുമെന്നാണ് പ്രതീക്ഷ.

You may also like

error: Content is protected !!
Join Our WhatsApp Group