ബെംഗളൂരു: നഗരത്തിലെ ഗതാഗത സൗകര്യങ്ങളില്‍ കാര്യമായ മാറ്റമാണ് ഇപ്പോള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബെംഗളൂരു ഔട്ടർ റിംഗ് റോഡിലെ (ഒആർആർ) ബ്ലൂ ലൈനിന്റെ എട്ട് കിലോമീറ്റർ ദൂരത്തില്‍, മെട്രോ പാതയ്ക്ക് താഴെയുള്ള ആകാശ നടപ്പാതകള്‍ക്ക് അംഗീകാരം ലഭിച്ചിരിക്കുകയാണ്.വലിയൊരു വിഭാഗം ജീവനക്കാർക്ക് ടെക് പാർക്കുകളിലേക്കും ഓഫീസുകളിലേക്കും നേരിട്ട് പ്രവേശനം സാധ്യമാക്കുന്ന ഇത്തരത്തിലൊരു ആദ്യ മാതൃകയാണിത്.കഴിഞ്ഞ ദിവസം ചേർന്ന ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജിബിഎ) യോഗം ഈ നിർദ്ദേശത്തിന് അംഗീകാരം നല്‍ക്കുകയായിരുന്നു. എന്നാല്‍, പദ്ധതിയുടെ ധനസഹായം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് ലഭ്യമായ വിവരം. ബിഎംആർസിഎല്‍, ഒആർആർസിഎ എന്നിവർ ചേർന്ന് ഇനി ഇതിന്റെ ഫണ്ടിംഗ് കാര്യങ്ങളില്‍ തീരുമാനമെടുക്കണം.രണ്ട് മെട്രോ സ്‌റ്റേഷനുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ടെക് പാർക്കുകള്‍ക്ക് ഈ നടപ്പാതകള്‍ പ്രയോജനകരമാകും എന്നതാണ് പ്രധാന കാര്യം. ശരിയായ നടപ്പാതകളില്ലാത്തതും കൈയേറ്റങ്ങളും കാരണം ഇവിടുത്തെ ജീവനക്കാർ നിലവില്‍ കാര്യമായ വെല്ലുവിളികളാണ് നേരിടുന്നത്. ഈ പ്രതിസന്ധിക്ക് പരിഹാരമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.ഇതൊരു പുതിയ ആശയമല്ല.
ബ്ലൂ ലൈൻ രൂപകല്‍പ്പന ഘട്ടത്തിലായിരുന്നപ്പോള്‍ തന്നെ, മെട്രോ തൂണുകള്‍ക്കരികില്‍ ആകാശ നടപ്പാതകള്‍ സ്ഥാപിക്കുന്നതിനായി രണ്ട് ചെറിയ തൂണുകള്‍ക്ക് അടിത്തറ കെട്ടണമെന്ന് ബിഎംആർസിഎല്ലിനോട് അഭ്യർത്ഥിച്ചിരുന്നു. ഏകദേശം ആറ് മുതല്‍ എട്ട് ലക്ഷം പേർ ജോലി ചെയ്യുന്ന ഒആർആറിലെ കാല്‍നടയാത്രക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ഈ ആശയം മുന്നോട്ട് വെച്ചത്.മഹാദേവപുര എംഎല്‍എ മഞ്ജുള അരവിന്ദ് ലിംബാവലി ഗ്രേറ്റർ ബംഗളൂരു അതോറിറ്റിക്കും ബിഎംആർസിഎല്ലിനും നല്‍കിയ കത്തില്‍, ഇബ്ളൂരിനും മഹാദേവപുരയ്ക്കും ഇടയില്‍ ഒരു ആകാശ നടപ്പാത നിർമ്മിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എങ്കിലും പദ്ധതി പ്രദേശം കോർപ്പറേഷൻ പരിധിയില്‍ വരുന്നതിനാല്‍ ജിബിഎയുടെ അംഗീകാരം നിർബന്ധമായിരുന്നു.മഹദേവപുര ടാസ്‌ക് ഫോഴ്‌സ് അംഗം ക്ലെമന്റ് ജയകുമാറിനെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാള്‍ഡ് പറയുന്നതനുസരിച്ച്, ഒആർആറിലെ മെട്രോ സ്‌റ്റേഷനുകളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്താനാണ് പദ്ധതി നടപ്പാക്കാൻ ജിബിഎ ഒരുങ്ങുന്നത്. മേഖലയിലെ കാല്‍നടയാത്രക്കാർക്ക് നിലവില്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.’സെസ്ന ബിസിനസ് പാർക്കില്‍ ഏകദേശം 30,000 പേർ ജോലി ചെയ്യുന്നുണ്ട്, പക്ഷേ അടുത്തുള്ള മെട്രോ സ്‌റ്റേഷൻ ദൂരെയാണ്. മെട്രോ പാതയ്ക്ക് താഴെയുള്ള സ്കൈവാക്ക് സ്‌റ്റേഷനെയും ടെക് പാർക്കിനെയും ബന്ധിപ്പിച്ചാല്‍, യാത്രക്കാർക്ക് ഇടുങ്ങിയതും കൈയേറിയതുമായ നടപ്പാതകള്‍ ഒഴിവാക്കാനാകും’ എന്നാണ് ജയകുമാർ പറയുന്നത്.മാത്രമല്ല സ്‌റ്റേഷനില്‍ നിന്ന് 500 മീറ്റർ അകലെയുള്ള എക്കോസ്പേസിനും ഇത് വലിയ സഹായമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിച്ചെലവിന്റെ ഒരു ഭാഗം ബിഎംആർസിഎല്‍ വഹിക്കണമെന്നും, ബാക്കി തുക ടെക് കമ്ബനികള്‍ വഹിക്കുകയും സ്കൈവാക്ക് സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം നല്‍കുകയും വേണമെന്നും ജയകുമാർ അഭ്യർത്ഥിച്ചു.ഔട്ടർ റിംഗ് റോഡ് കമ്ബനീസ് അസോസിയേഷന് (ഒആർആർസിഎ) മറ്റ് വരുമാന മാർഗങ്ങളില്ലെന്ന് പ്രസിഡന്റ് മനസ് ദാസ് അറിയിച്ചു. പദ്ധതിക്കായി ധനസഹായം നല്‍കാൻ ചില ഡെവലപ്പർമാർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, അതില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബിഎംആർസിഎല്‍ എംഡി ജെ രവിശങ്കർ ഇതിനോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.