ബെംഗളൂരു : കർണാടകത്തിൽ ഏറ്റവും കൂടുതൽക്കാലം മുഖ്യമന്ത്രിയായ നേതാവെന്ന റെക്കോഡ് ഇനി സിദ്ധരാമയ്യക്ക് സ്വന്തം. മുൻ മുഖ്യമന്ത്രി ദേവരാജ് അരശിന്റെ റെക്കോഡിനെ മറികടന്നാണ് സിദ്ധരാമയ്യ കർണാടകരാഷ്ട്രീയത്തിൽ പുതിയ ചരിത്രമെഴുതിച്ചേർത്തത്. രണ്ടുടേമിലായി 2792 ദിവസമാണ് ദേവരാജ് അരശ് മുഖ്യമന്ത്രിയായിരുന്നത്. രണ്ടുടേമിലായി മുഖ്യമന്ത്രി സ്ഥാനത്ത് സിദ്ധരാമയ്യ ചൊവ്വാഴ്ചയോടെ ഇത്രയും ദിവസം പൂർത്തിയാക്കിയശേഷം റെക്കോഡിലേക്ക് കടന്നു.1972 മാർച്ച് 20 മുതൽ 1977 ഡിസംബർ 31 വരെയും 1978 മാർച്ച് 17 മുതൽ 1980 ജൂൺ എട്ടുവരെയുമായി ഏഴു വർഷവും 239 ദിവസവും മുഖ്യമന്ത്രിയായിരുന്നാണ് ദേവരാജ് അരശ് മുൻപ് റെക്കോഡിട്ടത്. 2013 മുതൽ 2018 വരെയുള്ള ഒരു ടേമിൽ അഞ്ചു വർഷവും പൂർത്തിയാക്കിയ സിദ്ധരാമയ്യ 2023 മേയ് പത്തിനാണ് രണ്ടാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തത്. ഇത്തവണ രണ്ടരവർഷം പിന്നിട്ടതോടെ അധികാരക്കൈമാറ്റവുമായി ബന്ധപ്പെട്ട തർക്കം മുറുകിനിൽക്കുന്നതിനിടെയാണ് 78-കാരനായ സിദ്ധരാമയ്യ ദേവരാജ് അരശിന്റെ റെക്കോഡിനെ ഭേദിക്കുന്നത്.
ഈ റെക്കോഡ് യാദൃച്ഛികമായി വന്നതാണെന്നും ജനങ്ങളുടെ അനുഗ്രഹം കൊണ്ടാണ് ദേവരാജ് അരശിനൊപ്പമെത്താനായതെന്നും സിദ്ധരാമയ്യ പറഞ്ഞു. റെക്കോഡുകൾ തകർക്കാനല്ല രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്നുപറഞ്ഞ സിദ്ധരാമയ്യ സമൂഹത്തിലെ അസമത്വം തുടച്ചുനീക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് കൂട്ടിച്ചേർത്തു. അതേസമയം, മുഖ്യമന്ത്രിയായി തന്റെ രണ്ടാമത്തെ ടേമും പൂർത്തിയാക്കുമെന്ന ആത്മവിശ്വാസം പങ്കുവെക്കാനും മടിച്ചില്ല. തീരുമാനം ഹൈക്കമാൻഡാണ് എടുക്കുക. പക്ഷേ, തനിക്ക് കാലാവധി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിദ്ധരാമയ്യ അറിയിച്ചു. കർണാടകത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ ഇടംപിടിച്ച ദിവസമായ ചൊവ്വാഴ്ച സിദ്ധരാമയ്യ തന്റെ ആദ്യകാല പ്രവർത്തനമണ്ഡലവും ജന്മനാടുമായ മൈസൂരുവിലായിരുന്നു. അദ്ദേഹത്തിന്റെ അനുയായികളും ആരാധകരും ചേർന്ന് നാടൻ കോഴിവിഭവമുണ്ടാക്കി വിതരണംചെയ്ത് ആഘോഷിച്ചു.സിദ്ധരാമയ്യയുടെ ഇഷ്ടവിഭവമാണ് നാടൻ കോഴിയിറച്ചി. മുഖ്യമന്ത്രി സ്ഥാനത്ത് റെക്കോഡ് സ്ഥാപിച്ച സിദ്ധരാമയ്യക്ക് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആശംസ നേർന്നു. രണ്ടാം ടേമും പൂർത്തിയാകുമെന്ന സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചതിന് അദ്ദേഹത്തിന് ഭാഗ്യമുണ്ടാകട്ടെയെന്നും പറഞ്ഞു.