തിരുവനന്തപുരം:പുതുവർഷത്തിന്റെ തലേദിവസം മലയാളികള്‍ കുടിച്ചുതീർത്തത് 125.64 കോടി രൂപയുടെ മദ്യം. ഔട്‌ലെറ്റുകളിലും വെയർ ഹൗസുകളിലുമായി ഡിസംബർ 31ന് വിറ്റതി ന്റെ കണക്കാണിത് .കഴിഞ്ഞ പുതുവർഷത്തെക്കാള്‍ 16.93 കോടി രൂപയുടെ അധിക വില്പനയാണ് ബിവറേജസ് കോർപ്പറേഷനുണ്ടായത്. 2024 ഡിസംബർ 31ന്റെ വില്പന 108.71 കോടിയുടേതായിരുന്നു.കടവന്ത്ര ഔട്ട്ലെറ്റാണ് വില്പനയിലെ ഏക കോടിപതി. 1.17 കോടിയുടെ മദ്യമാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനത്ത് പാലാരിവട്ടവും (95.09 ലക്ഷം) മൂന്നാം സ്ഥാനത്ത് എടപ്പാളുമാണ് (82.86 ലക്ഷം). തൊടുപുഴ കഞ്ഞിക്കുഴി ഔട്ട്ലെറ്റാണ് വില്പനയില്‍ ഏറ്റവും പിന്നില്‍.4.61 ലക്ഷം രൂപയുടെ കച്ചവടം മാത്രമാണ് ഇവിടെ നടന്നതെന്നാണ് റിപ്പോർട്ട്.
വിദേശമദ്യവും ബീയറും വൈനുമായി 2.07 ലക്ഷം കെയ്സാണ് ഈ പുതുവർഷത്തലേന്ന് വിറ്റുപോയത്. കഴിഞ്ഞ ഡിസംബർ 31ന് ഇത് 1.84 ലക്ഷം കെയ്സായിരുന്നു.ഈ സാമ്ബത്തികവർഷം (2025-26)ഇതുവരെ ബവ്‌കോ 15,717.88 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ സാമ്ബത്തികവർഷം (2024-25) ഡിസംബർ 31 വരെ 14,765.09 കോടി രൂപയുടേതായിരുന്നു വില്പന.കഴിഞ്ഞ ഓണക്കാലത്തെ മദ്യവില്പനയില്‍ റെക്കോഡ് നേട്ടമായിരുന്നു. ഓണക്കാലത്തെ പത്തുദിവസത്തിനുള്ളില്‍ വിറ്റുപോയത് 826.38 കോടിയുടെ മദ്യമായിരുന്നു. കഴിഞ്ഞവർഷത്തെക്കാള്‍ 50കോടിയുടെ അധിക വില്പനയായിരുന്നു നടന്നത്. ആറ് ഔട്ട്ലെറ്റുകളില്‍ ഒരുകോടിയിലധികം രൂപയുടെ വിറ്റുവരവുണ്ടായി. അതിന് മുൻവർഷം ഓണക്കാലത്ത് 776 കോടിയുടെ മദ്യമാണ് വിറ്റത്.