ബെംഗളുരു : ബെംഗളുരു – ഹൈദരാബാദ് ദേശീയപാത44-ൽ ദേവനഹള്ളിയുടെ പ്രാന്തപ്രദേശത്തുള്ള ടോൾ പ്ലാസ ബൂത്തിലേക്ക് ബസ് ഇടിച്ചു കയറി. ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ട്രാൻസ് ഇന്ത്യ സ്ലീപ്പർ കോച്ച് ബസ് അമിത വേഗതയിൽ വരികയായിരുന്നു, ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ടോൾ പ്ലാസ ബൂത്തിൽ ഇടിച്ചു കയറുകയായിരുനെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, രക്ഷരവർത്തനത്തിന് എത്തിയ ചിലർ യാത്രക്കാരുടെ ഫോണുകൾ തട്ടിയെടുത്തതായും ആരോപണമുണ്ട്.കൂട്ടിയിടിയുടെ ആഘാതത്തിൽ ബസിൻ്റെ മുൻഭാഗവും പഴയ ടോൾ പ്ലാസ ബൂത്തും പൂർണ്ണമായും തകർന്നു. അപകട സമയത്ത് ടോൾ പ്ലാസ അടച്ചിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി എന്നാണ് പറയപ്പെടുന്നത്. ബൂത്തിന് സമീപം വാഹനങ്ങളോ ആളുകളോ ഇല്ലാതിരുന്നതിനാൽ വലിയ അപകടമൊന്നും ഉണ്ടായില്ല. അതേസമയം, പരിക്കേറ്റവരെ രക്ഷിക്കാൻ എത്തിയവർ ബസിലുണ്ടായിരുന്ന മൂന്ന് പേരുടെ ഐഫോണുകൾ മോഷ്ടിച്ച് ഓടി രക്ഷപ്പെട്ടപ്പോൾ മനുഷ്യത്വരഹിതമായ ഒരു സംഭവം നടന്നു.അപകടത്തിൽ ബസ് ഡ്രൈവർക്കും സഹ ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സും ബസിനുള്ളിൽ കുടുങ്ങിയ ഇരുവരെയും പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിലേക്ക് അയച്ചു. അപകടമുണ്ടായ ഉടൻ ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് നിസാര പരിക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ, അവർ പുറത്തേക്ക് ഇറങ്ങി. ദേവനഹള്ളി ട്രാഫിക് പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അപകടത്തിന് ശേഷം, ക്രെയിൻ ഉപയോഗിച്ച് ബസ് റോഡരികിലേക്ക് വലിച്ചിട്ടു. ദേവനഹള്ളി ട്രാഫിക് പോലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.