ബെംഗളൂരു: മൈസൂരുവിനടുത്തുള്ള ഹുൻസൂരില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ജൂവലറിയില്‍ നടന്ന കവർച്ചക്കേസ് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ രൂപവത്കരിച്ചു.ഡിവൈഎസ്പി രവിയുടെ നേതൃത്വത്തിലുള്ള അഞ്ച് പ്രത്യേക സംഘമാണ് കേസ് അന്വേശിക്കുന്നത്. കടയുടമ ഫാത്തിമ മഞ്ചില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍, ഹുൻസൂർ സിറ്റി പോലീസ് സ്റ്റേഷനില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തു.ഹുൻസൂർ ബസ്സ്റ്റാൻഡിന് പിന്നിലുള്ള സ്കൈ ഗോള്‍ഡ്സ് ആൻഡ് ഡയമണ്ട്സില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോെടയാണ് കവര്‍ച്ച നടന്നത്.
അഞ്ചംഗ സംഘം ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഏകദേശം 10 കോടി രൂപയുടെ സ്വർണ, വജ്രാഭരണങ്ങള്‍ കവരുകയായിരുന്നു. രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം കൃത്യമായ പ്ലാനിംഗോടെയാണ് എത്തിയത്.ആദ്യം രണ്ട് പേർ ഉപഭോക്താക്കളെന്ന വ്യാജേന കടയ്ക്കുള്ളിലേക്ക് കയറി.തൊട്ടുപിന്നാലെ തോക്കുകളുമായി മൂന്ന് പേർ കൂടി അകത്തെത്തി ജീവനക്കാരെയും ജ്വല്ലറിയിലുണ്ടായിരുന്ന ഇടപാടുകാരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബന്ദികളാക്കി.വെറും ആറ് മിനിറ്റിനുള്ളില്‍ ഡിസ്പ്ലേയില്‍ ഇരുന്ന സ്വർണ്ണാഭരണങ്ങള്‍ മുഴുവൻ വാരി സഞ്ചിയിലാക്കി സംഘം കടന്നുകളഞ്ഞു.കവർച്ച നടക്കുമ്ബോള്‍ ജ്വല്ലറി മാനേജർ അസ്ഗർ ഭക്ഷണത്തിനായി പുറത്തുപോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയ അദ്ദേഹം കവർച്ചാ സംഘത്തെ കണ്ട് ജ്വല്ലറിയുടെ ഷട്ടർ പുറത്തുനിന്നും പൂട്ടാൻ ശ്രമിച്ചു. എന്നാല്‍ മോഷ്ടാക്കള്‍ ഷട്ടർ ചവിട്ടിത്തുറക്കുകയും മാനേജർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. തലനാരിഴയ്ക്കാണ് അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. തുടർന്ന് ആകാശത്തേക്ക് വെടിയുതിർത്ത് പരിഭ്രാന്തി പരത്തിയാണ് സംഘം ബൈക്കുകളില്‍ രക്ഷപ്പെട്ടത്.