2025ല്‍ വലിയ കുതിപ്പാണ് സ്വർണ വിലയില്‍ രേഖപ്പെടുത്തിയത്, ഏകദേശം 65.5% വർദ്ധനവ്. 2024 ല്‍ ആഗോള വിപണിയില്‍ 2,624 ഡോളറില്‍ ക്ലോസ് ചെയ്ത സ്വർണ്ണം, 2025 അവസാനത്തോടെ 4,344 ഡോളറെത്തി.കേന്ദ്ര ബാങ്കുകളുടെ ശക്തമായ ആവശ്യം, നിലവിലുള്ള ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍, പണപ്പെരുപ്പത്തിനെതിരായ നിക്ഷേപം, സാമ്ബത്തിക അസ്ഥിരതകള്ക്കിടയിലെ നിക്ഷേപക താല്‍പ്പര്യം എന്നിവയെല്ലാം ഈ കുതിപ്പിന് കാരണമായി.ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വില കത്തിക്കയറി. ജനവരിയില്‍ 56000 മാത്രമുണ്ടായിരുന്ന വില ഡിസംബർ 23 ഓടെ 1 ലക്ഷം തൊട്ടു. എന്നാല്‍ വർഷാവസാനം വലിയ ആശ്വാസം നല്‍കിക്കൊണ്ട് സ്വർണ വില ഇടിയുകയാണ്. ഇന്നും സ്വർണ വിലയില്‍ കുറഞ്ഞു. നിരക്ക് വിശദമായി അറിയാംകഴിഞ്ഞ ശനിയാഴ്ചയാണ് കേരളത്തില്‍ സ്വർണ വില റെക്കോർഡ് തൊട്ടത്. ആദ്യമായി വില 1,04,440 രൂപയിലെത്തി. എന്നാല്‍ പിന്നീട് നേരിട്ടത് വൻ വീഴ്ചയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സ്വർണ വിലയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. രണ്ട് ദിവസത്തിനിടെ ഏകദേശം 4560 രൂപ പവന് കുറഞ്ഞു. തിങ്കാളാഴ്ച മാത്രം നാല് തവണയാണ് വില ഇടിഞ്ഞത്.ചൊവ്വാഴ്ച 22 കാരറ്റ് സ്വർണം ഗ്രാമിന് 280 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
ഇതോടെ ഗ്രാം വില 12,485 രൂപയായി, പവന് 2,240 രൂപ കൂപ്പുകുത്തി 99,880 രൂപയുമായി.18 കാരറ്റ് സ്വർണ വില ഗ്രാമിന് 10,365 രൂപയായിരുന്നു വില. ഇന്ന് പവൻ വിലയില്‍ 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് പവന് 99640 രൂപയാണ് വില. ഗ്രാമിന് ഇന്ന് 30 രൂപ കുറഞ്ഞത് 12,455 രൂപയായി. 18 കാരറ്റ് സ്വർണത്തിന് 25 രൂപ കുറഞ്ഞ് 10240 രൂപയും 14 കാരറ്റ് സ്വർണത്തിന് 20 രപ കുറഞ്ഞ് 7975 രൂപയുമായി. അതേസമയം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 243 രൂപയാണ് വില.ആഗോള വിപണിയില്‍ വില ഉയർന്നുതുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം ആഗോള സ്വർണ വില ഇന്ന് നേരിയ തോതില്‍ ഉയർന്നു. ഔണ്‍സിന് 4349.55 ഡോളറാണ് ഇന്നത്തെ വില. മധ്യേഷ്യയിലെ പ്രതിസന്ധി, യുഎസ്-വെനിസ്വല പ്രശ്നം,സുരക്ഷിത നിക്ഷേപ ആവശ്യം,ഡോളറിൻ്റെ മൂല്യത്തിലുള്ള ഇടിവ് ഒപ്പം 2026-ല്‍ ഫെഡറല്‍ റിസർവ് പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയും സ്വർണ വില ഉയരാൻ കാരണമായി. വർഷാവസാനം ഗോള്‍ഡ് ഇടിഎഫുകളില്‍ നിന്നുള്ള ലാഭമെടുപ്പും വിലയെ സ്വാധീനിച്ചിട്ടുണ്ട്.ഇനി സ്വർണ വില എങ്ങോട്ട്?സ്വർണ വില ഇടിയുന്നുണ്ടെങ്കിലും ഈ കുറവില്‍ ഉപഭോക്താക്കള്‍ അമിത പ്രതീക്ഷ പുലർത്തേണ്ടതില്ലെന്ന സൂചനയാണ് സാമ്ബത്തിക വിദഗ്ധരും റേറ്റിംഗ് ഏജൻസികളും നല്‍കുന്നത്. സ്വർണ വില ഇനിയും വെച്ചടി വെച്ചടി ഉയരുമെന്നാണ് പ്രവചനങ്ങള്‍. അതേസമയം 2025-ലെ അസാധാരണ കുതിപ്പിനേക്കാള്‍ മിതമായ വേഗതയിലായിരിക്കും ഈ വളർച്ചയെന്നും വില 5000 ഡോളർ വരെ ഔണ്‍സിന് ഉയരുമെന്നും വിശകലന വിദഗ്ധർ പ്രവചിക്കുന്നുണ്ട്.ബാങ്ക് ഓഫ് അമേരിക്ക, ജെ.പി. മോർഗൻ പോലുള്ള സ്ഥാപനങ്ങള്‍, വർഷാവസാനത്തോടെ 5,000 ഡോളറിലേക്കോ അതിലേറെ ഉയരതിലേക്കോ എത്താനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ നിലവിലെ നിലകളില്‍ നിന്ന് 5-15% വർദ്ധനവ് പ്രവചിക്കുന്നു. സാമ്ബത്തിക അനിശ്ചിതത്വങ്ങളും കേന്ദ്ര ബാങ്ക് വാങ്ങലുകളും സുരക്ഷിത താവളമെന്ന നിലയിലുള്ള ആവശ്യവും നിലനിന്നാല്‍ സ്വർണം 5,000 ഡോളർ മറികടന്നേക്കാമെന്നും ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. 2025-ലെ മുന്നേറ്റത്തെ അപേക്ഷിച്ച് തീവ്രത കുറവായിരിക്കുമെങ്കിലും 2026-ലും സ്വർണ്ണവിലയില്‍ തുടർച്ചയായ വളർച്ച ഉണ്ടാകുമെന്നാണ് പൊതുവായ വിലയിരുത്തല്‍.