ബെംഗളൂരു :കർണാടകയിലെ ഹുൻസൂരില്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്കൈ ജ്വല്ലറിയില്‍ വൻ കവർച്ച. ഇടപാടുകാരെന്ന വ്യാജേന എത്തിയ അഞ്ചംഗ സംഘമാണ് 10 കോടി രൂപയുടെ സ്വർണവും ഡയമണ്ടും കൊള്ളയടിച്ചത്.കൊള്ള നടന്ന് 24 മണിക്കൂറിന് ശേഷവും പ്രതികളെ കുറിച്ചുള്ള ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല.ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കും രണ്ടരയ്ക്കും ഇടയിലാണ് കർണാടകത്തെ നടുക്കിയ ഈ ജ്വല്ലറി കവർച്ച നടന്നത്. ഇടപാടുകാരെന്ന വ്യാജേന എത്തിയ അഞ്ചംഗ സംഘം ജീവനക്കാരെയും സ്വർണം വാങ്ങാനെത്തിയവരെയും തോക്കുചൂണ്ടി ബന്ദികളാക്കി കവർച്ച നടത്തുകയായിരുന്നു. ആറ് മിനിറ്റ് സമയം മാത്രമാണ് കൊള്ളയടിക്കാൻ എടുത്തത്. ഈ സമയം കൊണ്ട് 10 കോടി രൂപ വില വരുന്ന സ്വർണവും ഡയമുണ്ടും ഇവർ കൈക്കലാക്കി.
ജീവനക്കാരില്‍ ഒരു സംഘം ഭക്ഷണം കഴിച്ച് തിരിച്ചുവന്ന ഉടനെയായിരുന്നു കവർച്ച. ജ്വല്ലറിയിലെ സിസിടിവി ഇരിട്ടിയിലെ മെയില്‍ ഓഫീസുമായി കണക്‌ട് ചെയ്തിരുന്നു. ഇരിട്ടിയില്‍ ഈ ദൃശ്യങ്ങള്‍ നിരീക്ഷിച്ചിരുന്നവർ ഭക്ഷമം കഴിക്കാൻ പുറത്തുപോയ മാനേജറെ വിവരം അറിയിച്ചു. ഉടനെ അദ്ദേഹം ഓടിയെത്തി പുറത്തുനിന്ന് ഷട്ടർ താഴ്ത്താൻ ശ്രമിച്ചെങ്കിലും വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അഞ്ചംഗ സംഘം രക്ഷപ്പെടുകയായിരുന്നു. മുംബൈയിലും ദുബായിലും ഉള്‍പ്പെടെ ശാഖകള്‍ ഉളള സ്കൈ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് കണ്ണൂർ ഇരിട്ടി സ്വദേശികളുടേതാണ്. സംഭവത്തില്‍ ജ്വല്ലറി അധികൃതർ ഹുൻസൂർ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.സംഭവം അറിഞ്ഞതിന് പിന്നാലെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്,. 18 പോയിന്റുകളില്‍ പരിശോധന നടത്തുണ്ടെങ്കിലും രണ്ട് ബൈക്കുകളിലായി കെ.ആർ.നഗർ ഭാഗത്തേക്ക് അഞ്ചംഗ സംഘം രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ബെംഗളൂരു നഗരത്തെ നടുക്കിയ എടിഎം വാൻ കൊള്ള നടന്ന് ഒരു മാസത്തിനകമാണ് കർണാടക പൊലീസിനെ വെട്ടിലാക്കി ജ്വല്ലറി കവർച്ച നടന്നിരിക്കുന്നത്.