കൊച്ചി : ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ കാലുകള്‍ അറ്റു പോയ യാത്രക്കാരന് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതി.റെയില്‍വെ ക്ലെയിംസ് ട്രിബ്യൂണല്‍ ഉത്തരവിനെതിരെ മാധ്യമ പ്രവർത്തകനായിരുന്ന യാത്രക്കാരൻ സിദ്ധാർത്ഥ് കെ നല്കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ട്രെയ്നില്‍ ഓടിക്കയറിയത് മൂലമുള്ള പരിക്ക് സ്വയം ഏല്‍പ്പിച്ചതാണെന്ന് വിലയിരുത്തി യാത്രക്കാരൻ നഷ്ട പരിഹാരത്തിനർഹനല്ല എന്നാണ് ട്രിബ്യൂണല്‍ വിധിച്ചത്.എന്നാല്‍, റെയില്‍വെ ആക്ടിലെ ‘സ്വയം വരുത്തി വച്ച പരിക്ക് ‘ എന്നത് മനപ്പൂർവ്വമായ ഉദ്ദേശത്തോടെ ചെയ്യുന്നതാകണമെന്നും കേവലമായ അശ്രദ്ധയില്‍ സംഭവിക്കുന്ന അപകടം അത്തരത്തിലുള്ളതല്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് എസ് മനു യാത്രക്കാരന് നഷ്ടപരിഹാരം നല്കാൻ ഉത്തരവിട്ടത്.
എട്ടു ലക്ഷം രൂപയാണ് റയില്‍വെ നഷ്ടപരിഹാരമായി നല്‍കേണ്ടത്. 2022 നവംബർ 19 നാണ് കൈരളി ടിവി യില്‍ മാധ്യമ പ്രവർത്തകനായിരുന്ന സിദ്ധാർത്ഥ് കെ ഡല്‍ഹിയിലേക്ക് ട്രയിൻ കയറുന്നത്. സൂറത്ത് റെയില്‍വേ സ്റ്റേഷനില്‍ വെള്ളം വാങ്ങാനിറങ്ങിയ സിദ്ധാർത്ഥ് ട്രയിൻ ഓടി തുടങ്ങിയപ്പോള്‍ കയറാൻ ശ്രമിക്കുകയും വീഴുകയുമായിരുന്നു. അപകടത്തില്‍ രണ്ട് കാലുകളും നഷ്ടപ്പെട്ട സിദ്ധാർത്ഥിന് ആശ്വാസമാണ് ഹൈക്കോടതി വിധി. ഹർജിക്കാരന് വേണ്ടി ആദില്‍ പി, മുഹമ്മദ് ഇബ്രാഹിം, ഷബീർ അലി എന്നിവർ ഹാജരായി.