ബെംഗളൂരു: കർണാടകയില്‍ അതിശൈത്യം തുടരുന്നു. വടക്കൻ കർണാടക മേഖലയില്‍ ശൈത്യതരംഗം ശക്തമായതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യോല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ബെംഗളൂരു ഉള്‍പ്പെടെയുള്ള പല ഭാഗങ്ങളിലും കനത്ത മൂടല്‍മഞ്ഞും അതിശൈത്യവും അനുഭവപ്പെടുന്നുണ്ട്. വടക്കൻ കർണാടകയില്‍ പല ജില്ലകളിലും താപനില സാധാരണ നിലയേക്കാള്‍ വളരെ താഴെയാണ്. ഡിസംബർ 28 വരെ ബെംഗളൂരുവില്‍ വരണ്ട കാലാവസ്ഥയാണ് പ്രവചിക്കപ്പെടുന്നത്.ബെംഗളൂരു നഗരത്തില്‍ രാവിലെ കനത്ത മൂടല്‍മഞ്ഞും രാത്രികാലങ്ങളില്‍ തണുപ്പും തുടരുകയാണ്. വടക്കൻ കർണാടകയിലെ പല ജില്ലകളിലും താപനില സാധാരണ നിലയേക്കാള്‍ വളരെ താഴെയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത് പ്രകാരം ഹാസൻ, ബിദാർ, വിജയപുര, റായ്ച്ചൂർ, ബെലഗാവി എയർപോർട്ട്, ഗഡഗ് എന്നിവിടങ്ങളില്‍ താപനില സാധാരണ നിലയേക്കാള്‍ വളരെ കുറവാണ്. തീരദേശ കർണാടകയിലെ ഹൊന്നാവർ, കാർവാർ എന്നിവിടങ്ങളിലും താപനില സാധാരണ നിലയേക്കാള്‍ താഴെയാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബെംഗളൂരു എയർപോർട്ടില്‍ ഏറ്റവും കുറഞ്ഞ താപനിലയില്‍ കാര്യമായ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മറ്റ് പ്രദേശങ്ങളില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല. വിജയപുരയില്‍ ഏറ്റവും കുറഞ്ഞ താപനില 9.5°C രേഖപ്പെടുത്തി. സംസ്ഥാനത്തെ ഈ വർഷത്തെ ഏറ്റവും തണുപ്പുള്ള രാത്രിയാണ് വിജയപുരയില്‍ കടന്നുപോയത്. ബിദാർ ജില്ലയിലും അതിശൈത്യം അനുഭവപ്പെട്ടു.ബെംഗളൂരു നഗരത്തിലും സമീപ പ്രദേശങ്ങളിലും ഡിസംബർ 28 വരെ വരണ്ട കാലാവസ്ഥയായിരിക്കും. അടുത്ത 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ആകാശം തെളിഞ്ഞു കാണുമെങ്കിലും, ചിലയിടങ്ങളില്‍ രാവിലെ മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. ഏറ്റവും കൂടിയ താപനില ഏകദേശം 28° സെല്‍ഷ്യസും, ഏറ്റവും കുറഞ്ഞ താപനില ഏകദേശം 16° സെല്‍ഷ്യസും ആയിരിക്കും. നിലവില്‍, നഗരത്തില്‍ 19° സെല്‍ഷ്യസ് താപനിലയും 58 ശതമാനം ഈർപ്പവും 16.6 കിലോമീറ്റർ വേഗതയില്‍ കാറ്റും അനുഭവപ്പെടുന്നുണ്ട്.നഗരത്തിലെ വായു ഗുണനിലവാരം മോശം അവസ്ഥയിലാണ്. വായുഗുണനിലവാര സൂചിക (എക്യുഐ) 60നും 150നും ഇടയിലാണ്.
വടക്കൻ കർണാടകയിലെ വിജയപുര, ബിദാർ, ബെലഗാവി എയർപോർട്ട്, ധാർവാഡ്, ഗഡഗ്, ഹവേരി, റായ്ച്ചൂർ എന്നിവിടങ്ങളില്‍ ഏറ്റവും കുറഞ്ഞ താപനില 8.1° സെഷ്യസിനും 12.5 സെല്‍ഷ്യസിനും ഇടയിലാണ്. തെക്കൻ കർണാടകയിലെ ഹാസൻ, മൈസൂരു, ഷിമോഗ, മാണ്ഡ്യ, ദാവൻഗെരെ എന്നിവിടങ്ങളിലും സമാനമായ സാഹചര്യമാണ്. കലബുറഗി, കോപ്പല്‍, ചിന്താമണി, ചിത്രദുർഗ, ബെംഗളൂരു എയർപോർട്ട്, ബെംഗളൂരു സിറ്റി എന്നിവിടങ്ങളില്‍ 14.8 ഡിഗ്രി സെല്‍ഷ്യസിനും 17.0 സെല്‍ഷ്യസിനും ഇടയിലാണ് താപനില. തീരദേശ കർണാടകയിലെ ഹൊന്നാവർ, കാർവാർ, മംഗളൂരു, ശക്തിനഗർ എന്നിവിടങ്ങളില്‍ 18.5 സെല്‍ഷ്യസിനും 22.2 സെല്‍ഷ്യസിനും ഇടയിലാണ് താപനില രേഖപ്പെടുത്തിയത്.