ദില്ലി :ടാക്സി ആപ്പുകളിലെ അഡ്വാൻസ് ടിപ്പിംഗ് ഫീച്ചറിന് കർശന നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ. ഉബർ, ഓല , റാപ്പിഡോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ റൈഡ് ആരംഭിക്കുന്നതിന് മുമ്ബ് യാത്രക്കാരില്‍ നിന്ന് ടിപ്പുകള്‍ തേടുന്നത് നിരോധിച്ചു.റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) പുറപ്പെടുവിച്ച 2025 ലെ മോട്ടോർ വെഹിക്കിള്‍സ് അഗ്രഗേറ്റേഴ്‌സ് മാർഗ്ഗനിർദ്ദേശങ്ങളില്‍ വരുത്തിയ ഭേദഗതി പ്രകാരം സ്വമേധയാ ഉള്ള ടിപ്പിംഗ് ഫീച്ചർ യാത്ര പൂർത്തിയാക്കിയതിനുശേഷം മാത്രമേ യാത്രക്കാരന് ദൃശ്യമാക്കാവൂ എന്ന് നിർബന്ധമാക്കി. സ്ത്രീ യാത്രക്കാർക്ക് പ്രത്യേകമായി വനിതാ ഡ്രൈവർമാരെ തെരഞ്ഞെടുക്കാൻ അനുവദിക്കുന്ന നിർബന്ധിത സുരക്ഷാ ഫീച്ചറും അവതരിപ്പിച്ചു.അഡ്വാൻസ് ടിപ്പ് ഫീച്ചറിനെ അന്യായമായ വ്യാപാര രീതിയെന്ന് സെൻട്രല്‍ കണ്‍സ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) കുറ്റപ്പെടുത്തിയിരുന്നു. ആഡ് ടിപ്പ് ഫീച്ചർ പ്രീമിയം തുകക്ക് യാത്ര ചെയ്യാൻ തയ്യാറുള്ളവർക്ക് മാത്രമേ ക്യാബ് സ്വന്തമാക്കാൻ കഴിയൂ എന്ന് ഉപഭോക്താക്കള്‍ പരാതിപ്പെട്ടതിനെത്തുടർന്ന് സിസിപിഎ നോട്ടീസ് നല്‍കിയിരുന്നു.
ഡ്രൈവർക്ക് സ്വമേധയാ ടിപ്പ് നല്‍കുന്നതിന് യാത്രക്കാർക്ക് ആപ്പ് സൗകര്യം നല്‍കിയേക്കാം. എന്നാല്‍, യാത്ര പൂർത്തിയായതിനുശേഷം മാത്രമേ ടിപ് ഫീച്ചർ ദൃശ്യമാക്കാവൂവെന്നും ബുക്കിംഗ് സമയത്ത് ലഭ്യമാകരുതെന്നും മാർഗനിർദേശത്തില്‍ പറയുന്നു.2023 ഓടെ ബെംഗളൂരുവില്‍ നമ്മ യാത്രി പോലുള്ള ഓപ്പണ്‍-നെറ്റ്‌വർക്ക് ആപ്പുകളാണ് അഡ്വാൻസ് ടിപ്പിംഗ് മോഡലിന് തുടക്കമിട്ടത്. തിരക്കേറിയ സമയങ്ങളില്‍ ഡ്രൈവർമാരെ ആകർഷിക്കുന്നതിനായി റൈഡ് തിരയുന്നതിന് മുമ്ബ് സ്വമേധയാ ടിപ് ചേർക്കാൻ അനുവദിച്ചു. ഡ്രൈവർമാരെ ആകർഷിക്കുന്നതിനായി ടിപ്പ് സംവിധാനം ഉപയോഗിച്ച് ക്യാബ് സേവനങ്ങള്‍ വികസിപ്പിച്ചതോടെ ഈ സവിശേഷത സ്വീകരിച്ച ആദ്യത്തെ പ്രധാന കമ്ബനിയായിരുന്നു റാപ്പിഡോ. പിന്നീട് ഉബർ, ഒല എന്നിവയും ഈ മോഡല്‍ സ്വീകരിച്ചു.സ്ത്രീ യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തി, ആപ്പുകളില്‍ സ്ത്രീ യാത്രക്കാർക്ക് വനിതാ ഡ്രൈവർമാരെ തിരഞ്ഞെടുക്കാനുള്ള ഒരു ഓപ്ഷൻ ഉള്‍പ്പെടുത്തണമെന്ന് നിഷ്കർഷിക്കുന്ന വകുപ്പും ഉള്‍പ്പെടുത്തി. ഈ നീക്കം വനിതാ ഡ്രൈവർമാരുടെ ഓണ്‍ബോർഡിംഗ് കൂടുതല്‍ വേഗത്തിലാക്കാൻ നിർബന്ധിതരാക്കുമെന്ന് വ്യവസായ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഈ ഭേദഗതികള്‍ ഉടനടി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്.