ബംഗളുരു : മുംബൈയില്‍ നിന്ന് ബംഗളൂരിലേക്ക് സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ ബ്രെഡ് കവറുകളില്‍ ഒളിപ്പിച്ച് വൻതോതില്‍ മയക്കുമരുന്ന് കടത്തിയ വിദേശ വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ചയാണ് (ഡിസംബർ 23) പ്രതി പിടിയിലായത്.ഇവരില്‍ നിന്ന് അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 1.20 കോടി രൂപ വിലമതിക്കുന്ന 121 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ലഹരി കടത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണും പ്രതിയില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ പ്രതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല.ബംഗളൂരു വർത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന വിദേശ വനിത അറിയപ്പെടുന്ന വ്യക്തികള്‍ക്ക് കൊക്കെയ്ൻ വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബംഗളൂരു സിസിബി നാർക്കോട്ടിക് കണ്‍ട്രോള്‍ വിങ് റെയ്ഡ് നടത്തിയത്.2024-ല്‍ ഡല്‍ഹിയിലെ ഒരു സർവകലാശാലയില്‍ പഠനം നടത്താമെന്ന് പറഞ്ഞ് വിദ്യാർത്ഥി വിസയിലാണ് യുവതി ഇന്ത്യയിലെത്തിയത്. എന്നാല്‍ അവർ ഒരു കോളേജിലും ചേരാതെ മുംബൈയിലെ ഘാട്‌കോപ്പർ, അംബവാടി, നല്ലസൊപാര തുടങ്ങിയ പ്രദേശങ്ങളിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.
മുംബൈയിലെ ഒരു സുഹൃത്തില്‍ നിന്ന് കൊക്കെയ്ൻ വാങ്ങുകയും അയാളുടെ നിർദ്ദേശപ്രകാരം നിശ്ചിത സ്ഥലങ്ങളിലേക്ക് എത്തിച്ചു നല്‍കുകയുമായിരുന്നു യുവതിയുടെ രീതിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.ഇത്തരത്തില്‍ മയക്കുമരുന്ന് വിതരണത്തിലൂടെ യുവതി നിയമവിരുദ്ധമായി പണം സമ്ബാദിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നു. പരിശോധനകളില്‍ നിന്ന് ഒഴിവാകാനായി മുംബൈയില്‍ നിന്ന് ബംഗളൂരിലേക്ക് സ്വകാര്യ ബസുകളില്‍ പതിവായി യാത്ര ചെയ്തിരുന്ന ഇവർ, ബ്രെഡ് കവറുകളിലും മറ്റ് ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളിലും ലഹരിമരുന്ന് ഒളിപ്പിച്ചാണ് കടത്തിയിരുന്നത്.സംഭവത്തില്‍ വർത്തൂർ പൊലീസ് സ്റ്റേഷനില്‍ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്‌ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.മറ്റൊരു സംഭവത്തില്‍ ബംഗളൂരില്‍ നിരോധിത മയക്കുമരുന്ന് വില്‍പന നടത്തിയതിന് ഇതര സംസ്ഥാനക്കാരായ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 247 ഗ്രാം ഹൈഡ്രോ കഞ്ചാവും 19 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തതായി പൊലീസ് അവകാശപ്പെട്ടു. പിടിച്ചെടുത്ത ലഹരിമരുന്നുകള്‍ക്ക് വിപണിയില്‍ 26.90 ലക്ഷം രൂപ വിലവരും.കഴിഞ്ഞ ഞായറാഴ്ചയാണ് (ഡിസംബർ 21) രണ്ടാമത്തെ അറസ്റ്റ് നടന്നത്. ജലഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കലിംഗറാവു സർക്കിളിന് സമീപം ചില വ്യക്തികള്‍ ലഹരിമരുന്ന് കൈവശം വെച്ചിട്ടുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നുണ്ടെന്നും ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.ചോദ്യം ചെയ്യലില്‍ കൂടുതല്‍ പണം സമ്ബാദിക്കാനായി അജ്ഞാതനായ ഒരാളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മയക്കുമരുന്ന് വാങ്ങി ഉയർന്ന വിലയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.