ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതക്കുരുക്കിന് അറുതിവരുത്താൻ പ്രധാന റോഡ് തുറക്കുന്നു. ബെംഗളൂരു നഗരത്തിലെ തിരക്കേറിയ കേന്ദ്ര ഭാഗത്തുള്ള കമ്മനഹള്ളി റോഡ് 2026 ജനുവരി ആദ്യവാരത്തോടെ പൂർണമായി തുറന്നു കൊടുക്കും.ഈ പാത എംജി റോഡിലെ കൗവേരി എംപോറിയം ജങ്ഷനും ക്യൂബൻ റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്. കമ്മനഹള്ളി റോഡ് തുറന്നു കൊടുക്കുന്നതോടെ ബെംഗളൂരു നഗരത്തിലെ ഏറ്റവും തിരക്കേറിയ വാണിജ്യ മേഖലയിലെ ഗതാഗതക്കുരുക്ക് വലിയ തോതില്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2019 ജൂണ്‍ മുതല്‍ കമ്മനഹള്ളി റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. ബാംഗ്ലൂർ മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) ആണ് എംജി റോഡില്‍ പുതിയ ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമിക്കുന്നതിനായി ഈ റോഡ് ഏറ്റെടുത്തത്. പർപ്പിള്‍ ലൈനും വരാനിരിക്കുന്ന പിങ്ക് ലൈനും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്റ്റേഷനാണ് ഇവിടെ നിർമിക്കുന്നത്.