ബെംഗളൂരു: കര്‍ണാടക സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.ഡിസംബര്‍ മാസത്തില്‍ സംസ്ഥാനത്ത് മഴ ലഭിക്കുന്നത് അസാധാരണമാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലമാണ് മഴ ലഭിക്കുന്നതെന്നാണ് വിലയിരുത്തല്‍. അതേസമയം ഇപ്പോള്‍ തന്നെ തണുത്തു വിറയ്ക്കുന്ന ബെംഗളൂരുവില്‍ താപനില വീണ്ടും കുറയും. മൂടല്‍ മഞ്ഞും തണുപ്പും വര്‍ദ്ധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു.സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ കടുത്ത ശീതതരംഗം അനുഭവപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
ബീദര്‍, ബാഗല്‍കോട്ട്, വിജയപുര, ബെലഗാവി, ധാര്‍വാഡ് എന്നീ ജില്ലകളില്‍ താപനില ഗണ്യമായി കുറയും. ബെംഗളൂരു നഗരത്തില്‍ മഴയ്ക്ക് സാധ്യതയില്ലെങ്കിലും അതിശക്തമായ തണുപ്പും മൂടല്‍ മഞ്ഞുമാണ് അനുഭവപ്പെടുന്നത്. പുലര്‍ച്ചെ സമയങ്ങളില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും കാഴ്ചാപരിധി കുറയ്ക്കുന്ന രീതിയില്‍ മൂടല്‍ മഞ്ഞ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ഗതാഗതത്തെയും വിമാന സര്‍വീസുകളെയും ബാധിച്ചേക്കാം.സംസ്ഥാനത്ത് പലയിടങ്ങളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടത്തരം, ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. താപനില 10 ഡിഗ്രി സെല്‍ഷ്യസിനും താഴെ പോകാനും സാധ്യതയുണ്ട്. ജനങ്ങള്‍ കാലാവസ്ഥാ അപ്ഡേറ്റുകള് കൃത്യമായി ശ്രദ്ധിക്കണമെന്നും തണുപ്പ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പുലര്‍ച്ചെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. ബെംഗളൂരു നഗരത്തിന് പുറമെ മൈസൂരു, ചാമരാജ് നഗര്‍ തുടങ്ങി ദക്ഷിണ കര്‍ണാടകയിലെ മറ്റു ജില്ലകളിലും വരും ദിവസങ്ങളില്‍ തണുപ്പ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്.തണുപ്പ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വയോധികരും കുട്ടികളും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. മൂടല്‍ മഞ്ഞ് കാരണം കാഴ്ചപരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ പുലര്‍ച്ചെ വാഹനങ്ങള്‍ ഓടിക്കുമ്ബോള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. വിമാന സര്‍വീസുകളെയും ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ എയര്‍ലൈനില്‍ നിന്നുള്ള അപ്ഡേറ്റുകള് ശ്രദ്ധിക്കണം. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ഈ കാലാവസ്ഥ തുടരുമെന്നാണ് സൂചന.