Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരു നഗരം കാത്തിരിക്കുന്നു; കവലകളില്‍ സുരക്ഷ ഒരുക്കാൻ 100 കോടിയുടെ പദ്ധതി, വെല്ലുവിളി ഏറെ

ബെംഗളൂരു നഗരം കാത്തിരിക്കുന്നു; കവലകളില്‍ സുരക്ഷ ഒരുക്കാൻ 100 കോടിയുടെ പദ്ധതി, വെല്ലുവിളി ഏറെ

by admin

ബെംഗളൂരു: നഗരത്തിലെ ട്രാഫിക് ജംഗ്ഷനുകള്‍ നഗരത്തിന്റെ അതിവേഗ വളർച്ചയും നിലവിലുള്ള ആസൂത്രണത്തിലെ പാളിച്ചകളും തമ്മില്‍ കൂട്ടിമുട്ടുന്ന ഇടങ്ങളാണെന്ന് വെറുതെ പറയുന്നതല്ല.അനന്തമായ സിഗ്നല്‍ കാത്തിരിപ്പ്, ആശയക്കുഴപ്പമുണ്ടാക്കുന്ന പാതകളുടെ കൂടിച്ചേരലുകള്‍, പാതകള്‍ക്കിടയില്‍ കുടുങ്ങുന്ന കാല്‍നടയാത്രക്കാർ എന്നിവയെല്ലാം ഈ മഹാനഗരത്തിലെ പാളിച്ചകള്‍ എടുത്തു കാണിക്കുന്ന സംഗതികളാണ്.നഗരത്തിലെ വാഹനങ്ങളുടെ എണ്ണം കുതിച്ചുയരുമ്ബോള്‍ റോഡു വിസ്‌തീർണ്ണം പരിമിതമായി തുടരുന്നത് ഗതാഗതക്കുരുക്ക്, ഇന്ധനനഷ്‌ടം, അപകടസാധ്യത എന്നിവ വർധിപ്പിക്കുന്നു. അവ മെച്ചപ്പെടുത്തുന്നത് സുരക്ഷക്കും ഉല്‍പ്പാദനക്ഷമതക്കും ജീവിതനിലവാരത്തിനും അത്യാവശ്യമാണ്. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് ഇപ്പോള്‍ ഈ ജംഗ്‌ഷനുകള്‍.ഈ മാസം ആദ്യം, ജിബിഎ ചീഫ് കമ്മീഷണർ മഹേശ്വർ റാവു, “സുരക്ഷാ 75 ജംഗ്ഷനുകള്‍” എന്ന പദ്ധതിയുടെ പ്രവർത്തനങ്ങള്‍ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിരുന്നു. 2023-ല്‍ മുൻ ബിബിഎംപി ആരംഭിച്ച റോഡ് സുരക്ഷാ, ജംഗ്ഷൻ നവീകരണ സംരംഭമാണിത്. 2023-24 കർണാടക ബജറ്റിലാണ് ഇത് പ്രഖ്യാപിച്ചത്.

75 പ്രധാന ട്രാഫിക് കവലകളെ കാല്‍നടയാത്രക്കാർക്കും സൈക്കിള്‍ യാത്രക്കാർക്കും വാഹനങ്ങള്‍ക്കും സുരക്ഷിതവും കാര്യക്ഷമവും എളുപ്പത്തില്‍ കടന്നുപോകാൻ സാധിക്കുന്നതുമാക്കി മാറ്റാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. മെച്ചപ്പെട്ട റോഡ് സൗകര്യങ്ങള്‍, സുരക്ഷിതമായ കാല്‍നട ക്രോസിംഗുകള്‍, ട്രാഫിക് നിയന്ത്രണ നടപടികള്‍, മികച്ച നടപ്പാതകള്‍, ദിശാസൂചക ബോർഡുകള്‍, ഗതാഗതക്കുരുക്ക് കുറയ്ക്കല്‍ എന്നിവയാണ് പദ്ധതിയുടെ പ്രധാന സവിശേഷതകള്‍.ഏകദേശം 100 കോടി രൂപയാണ് ഇതിനായി നഗര ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. എന്നാല്‍ ഈ തുക വർധിക്കാൻ സാധ്യതയുണ്ടെങ്കിലും, തുടക്കത്തില്‍ സാവധാനം പുരോഗമിച്ച പദ്ധതി, ജംഗ്ഷനുകളുടെ രൂപരേഖയും മറ്റ് ഘടനകളും അന്തിമമായി തീരുമാനിക്കുന്ന പ്രക്രിയയില്‍ തടസപ്പെട്ട് കിടക്കുകയാണ്. ഇത് വീണ്ടും കൊണ്ട് വരണം എന്ന ആവിശ്യം വിവിധ മേഖലകളില്‍ നിന്ന് ശക്തമായി തന്നെ ഉയരുന്നുണ്ട്.ഒക്ടോബറില്‍ ജിബിഎ പങ്കുവെച്ച റിപ്പോർട്ട് പ്രകാരം, ജോലികള്‍ നടക്കുന്ന 28 ജംഗ്ഷനുകളില്‍, അരേകെരെ, സാരക്കി, കുട്ലു ഗേറ്റ്, ഹോഗസന്ദ്ര മെട്രോ സ്റ്റേഷൻ, മണിപ്പാല്‍ കൗണ്ടി (ഹൊസൂർ റോഡ്), ബൊമ്മനഹള്ളിയിലെ ഗരേബവിപാളയ അമ്ബലം, ടിൻ ഫാക്‌ടറി, ബെന്നിഗണഹള്ളി, കെആർ പുരം, ബല്ലാരി-പാലനഹള്ളി റോഡ് എന്നിവിടങ്ങളിലെ ജോലികള്‍ 90-95 ശതമാനം പൂർത്തിയായി.ഹൊരാമാവ് പാലം ജംഗ്ഷനിലെ ജോലികള്‍ മാത്രമാണ് 100% പൂർത്തിയായതെന്നും ജിബിഎ ഡാറ്റ വെളിപ്പെടുത്തുന്നു. ഇവിടുത്തെ യാഥാർത്ഥ്യം ഈ കണക്കുകള്‍ക്ക് വിരുദ്ധമായിരുന്നു. അരേകെരെ, ടിൻ ഫാക്‌ടറി, യെലഹങ്ക, കെആർ പുരം ജംഗ്ഷനുകളില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും കണ്ടില്ലെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. മിക്ക കവലകളും മോശം അവസ്ഥയില്‍ തന്നെ തുടരുകയാണെന്നും ആരോപണം ശക്തമാണ്.അതിനിടെ പുതിയ സിറ്റി കോർപ്പറേഷൻ കമ്മീഷണർമാർക്ക് വീണ്ടും ഒരു ഫീല്‍ഡ് പഠനം നടത്തി പുതിയ പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഒരു മുതിർന്ന ജിബിഎ ഉദ്യോഗസ്ഥൻ അറിയിച്ചു. എന്ത് തന്നെ ആയിരുന്നാലും നിലവില്‍ പദ്ധതി കാര്യക്ഷമമല്ലെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം.

You may also like

error: Content is protected !!
Join Our WhatsApp Group