ബംഗളൂരു: ബോയിങ് 737, എയർബസ് എ 320 പോലുള്ള വലിയ വിമാനങ്ങൾ സർവിസ് നടത്തുന്നതിനായി മൈസൂരു വിമാനത്താവളത്തിന്‍റെ ദീർഘകാല വികസന നിർദേശത്തിന് അനുമതി ലഭിച്ചു. വിമാനത്താവള വിപുലീകരണത്തിനായി അനുവദിച്ച 206.12 ഏക്കർ ഭൂമിയിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) സംയുക്ത സർവേയും പരിശോധനയും നടത്തി.മൈസൂരു വിമാനത്താവള ഡയറക്ടർ പി.വി. ഉഷാകുമാരി, കർണാടക സംസ്ഥാന വ്യവസായ, അടിസ്ഥാന സൗകര്യ വികസന കോർപറേഷൻ (കെ.എസ്.എസ്.ഐ.ഡി.സി) എ.ജി.എം ഹാരതി ഗൗഡ, കർണാടക വ്യവസായ മേഖല വികസന ബോര്‍ഡ് (കെ.ഐ.എ.ഡി.ബി) എ.ഇ.ഇ. അരുൺ കുമാർ, കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡ് (കെ.പി.ടി.സി.എൽ) എ.ഇ.ഇ പ്രദീപ്, കാവേരി നീരാവരി നിഗം ലിമിറ്റഡിന്‍റ (സി.എൻ.എൻ.എൽ) എ.ഇ.ഇ ശ്വേത, മൈസൂരു വിമാനത്താവള സീനിയർ മാനേജർ (ലാൻഡ്) ദാമുദി, മൈസൂരു വിമാനത്താവള സി.എൻ.എസ് (കമ്യൂണിക്കേഷൻ, നാവിഗേഷൻ, സർവൈലൻസ്) സീനിയർ മാനേജർ അഭിഷേക് ജോഷി എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
വിമാനത്താവള വികസനം നടപ്പിൽ വന്നാൽ ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഇത് വലിയ പ്രചോദനമാകും. നാദഹബ്ബ, മൈസൂരു ദസറ പോലുള്ള സമയങ്ങളിൽ വിനോദസഞ്ചാരികൾക്ക് മൈസൂരുവിലേക്കുള്ള വ്യോമഗതാഗതം എളുപ്പമാകും.ഇത് നിക്ഷേപങ്ങൾ, വ്യാപാര അവസരങ്ങൾ, തൊഴിലവസരങ്ങൾ എന്നിവ സൃഷ്ടിക്കും. കർണാടക സർക്കാർ, കെ.എസ്.എസ്.ഐ.ഡി.സി, കെ.ഐ.എ.ഡി.ബി, സി.എൻ.എൻ.എൽ, കെ.പി.ടി.സി.എൽ, എൻ.എച്ച്.എ.ഐ എന്നിവരുടെ സജീവമായ പിന്തുണയുണ്ടെന്ന് എ.എ.ഐ പറഞ്ഞു. നിർമാണ സ്ഥലം കെ.എസ്.എസ്.ഐ.ഡി.സി വിമാനത്താവള അധികാരികൾക്ക് കൈമാറുന്നതിന്റെ മുന്നോടിയായി അതിർത്തികൾ പരിശോധിക്കുക, സ്ഥലത്തിന്റെ അവസ്ഥകൾ വിലയിരുത്തുക, എന്തെങ്കിലും ബാധ്യതകളുണ്ടെങ്കിൽ തിരിച്ചറിയുക എന്നിവയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.വലിയ വിമാനങ്ങളുടെ പ്രവർത്തനം സുഗമമാക്കുന്നതിനായി നിലവിലുള്ള റൺവേ 1.7 കിലോമീറ്ററിൽനിന്ന് 2.3 കിലോമീറ്ററായി നീട്ടാൻ നിർദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം മൈസൂരുവിന്‍റെ ഭൂമിശാസ്ത്ര സൂചന (ജി.ഐ) ഉൽപന്നങ്ങളുടെ കാർഷിക, വ്യാവസായിക കയറ്റുമതി സാധ്യമാക്കുന്നതിനായി ഒരു പ്രത്യേക കാർഗോ ടെർമിനൽ നിർമിക്കാനും പദ്ധതിയിട്ടിട്ടുണ്ട്