ബംഗളൂരു: മതത്തിൻ്റെയും ജാതിയുടെയും ലിംഗഭേദത്തിൻ്റെയും പേരിൽ സമൂഹത്തിൽ വിദ്വേഷം പടർത്തുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ‘ഹേറ്റ് സ്പീച്ച് ആന്‍ഡ് ഹേറ്റ് ക്രൈംസ് പ്രിവൻഷൻ ബിൽ 2025’ കർണാടക നിയമസഭ പാസാക്കി. പ്രതിപക്ഷത്തിൻ്റെ കനത്ത പ്രതിഷേധങ്ങൾക്കിടയിലാണ് ആഭ്യന്തര മന്ത്രി ജി പരമേശ്വര ബില്ല് സഭയിൽ അവതരിപ്പിച്ചത്.വിവേചനത്തിൻ്റെയും അടിച്ചമർത്തലിൻ്റെയും വേദന താൻ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണെന്ന് ആഭ്യന്തര മന്ത്രി സഭയെ ഓർമ്മിപ്പിച്ചു.
“സ്‌കൂളിൽ പോയിരുന്ന കാലത്ത് ആളുകൾ എന്റെ നേരെ വെള്ളം വലിച്ചെറിയുമായിരുന്നു, ഭരണഘടന നൽകുന്ന തുല്യത എല്ലാവർക്കും ഉറപ്പാക്കണമെന്നും ഡോ. ബി.ആർ. അംബേദ്കറുടെ ആശയങ്ങൾ നടപ്പിലാക്കാൻ ഇത്തരം നിയമങ്ങൾ അനിവാര്യമാണ്” എന്ന് അദ്ദേഹം അറിയച്ചു. ബില്ലിനെ ശക്തമായി എതിർത്ത പ്രതിപക്ഷ നേതാവ് ആർ അശോക്, ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ചു. 75 വർഷത്തെ സ്വാതന്ത്ര്യത്തിന് ശേഷവും ഇങ്ങനെയൊരു നിയമത്തിൻ്റെ ആവശ്യം എന്താണെന്ന് അദ്ദേഹം ചോദിച്ചു.