ബെംഗളൂരു:ബെംഗളൂരുവിലെ കെആർ പുരം ടിൻ ഫാക്ടറി ജങ്ഷനു സമീപം തിരക്കേറിയ രാവിലെ ട്രാഫിക് കുരുക്കിനിടയില്‍ രണ്ട് ബൈക്ക് യാത്രികർ പരസ്പരം മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയായിരിക്കുകയാണ്.ഓഫീസുകളിലേക്കും മറ്റും ജനങ്ങള്‍ തിരക്കിട്ട് പോകുന്ന സമയത്ത് നടന്ന ഈ സംഭവം റോഡ് റേഞ്ചിന്റെ ഭീകരമായ മറ്റൊരു മുഖമാണ് തുറന്നുകാട്ടുന്നത്. റോഡിന് നടുവില്‍ ബൈക്കുകള്‍ നിർത്തിയിട്ട് യാത്രികർ പരസ്പരം ഹെല്‍മെറ്റ് കൊണ്ട് ആഞ്ഞടിക്കുന്നത് ദൃശ്യങ്ങളില്‍വ്യക്തമായി കാണാം.ഓഫീസ് ക്യാബില്‍ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരനാണ് ഈ ദൃശ്യങ്ങള്‍ പകർത്തിയത്. യാത്രയ്ക്കിടയില്‍ ബൈക്കുകള്‍ തമ്മില്‍ അശ്രദ്ധമായി തട്ടിയതാണ് തർക്കത്തിന് തുടക്കമിട്ടതെന്നാണ് പ്രാഥമിക വിവരം.ബൈക്കില്‍ നിന്ന് ഒരാള്‍ വീഴാൻ പോയതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഇരുവരും വാക്കുതർക്കത്തിലേക്കും പിന്നീട് ക്രൂരമായ കൈയ്യാങ്കളിയിലേക്കും കടക്കുകയായിരുന്നു.
ട്രാഫിക് നിയമങ്ങളോ ചുറ്റുമുള്ളവരുടെ സുരക്ഷയോ പരിഗണിക്കാതെയായിരുന്നു ഇരുവരുടെയും അക്രമാസക്തമായ പെരുമാറ്റം. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടൻ തന്നെ ബെംഗളൂരു സിറ്റി പോലീസ് വിഷയത്തില്‍ ഇടപെട്ടു.ഹലസൂരു, ബയ്യപ്പനഹള്ളി പോലീസ് സ്റ്റേഷൻ പരിധികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഡിസിപിക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.റോഡിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും ഗതാഗതക്കുരുക്കും യാത്രക്കാരില്‍ സമ്മർദ്ദമുണ്ടാക്കുന്നുണ്ടെങ്കിലും, ഇത്തരം അക്രമങ്ങള്‍ ഒന്നിനും പരിഹാരമല്ലെന്നാണ് പൊതുജനാഭിപ്രായം.