ബെംഗളൂരു : (18-12-2025): കുറഞ്ഞ വിലയ്ക്ക് കര്‍ഷകര്‍ക്ക് നല്കാന് കേന്ദ്രം നല്കിയ യൂറിയ മറിച്ചുവിറ്റു. കര്‍ണാടകയിലാണ് കോടികളുടെ യൂറിയ കുംഭകോണം നടന്നത്.കിലോയ്ക്ക് വെറും 200 രൂപ വച്ച് കര്‍ഷകര്‍ക്ക് കൊടുക്കാന്‍ 45 കിലോ അടങ്ങിയ ചാക്കുകളാണ് കേന്ദ്രം കര്‍ണാടകയിലെ കൃഷിവകുപ്പിന് നല്‍കിയത്. ഇതില്‍ മറിച്ചുവിറ്റ 180 ടണ്‍ യൂറിയ കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ബെംഗളൂരുവില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തു. 4000 ചാക്കുകളാണ് പിടിച്ചെടുത്തത്.ഈ വളം സ്വകാര്യ ഗോഡൗണില്‍ എത്തിച്ച് 50 കിലോ വീതമുള്ള ചാക്കുകളില്‍ നിറച്ച് കൂടിയ വിലയ്ക്ക് വില്‍ക്കുകയായിരുന്നു ഇക്കൂട്ടര്‍. തമിഴ്നാട്ടിലാണ് കരിഞ്ചന്തയില്‍ വിറ്റിരുന്നത്.
2500 രൂപയാണ് 50 കിലോയുടെ ഒരു ചാക്കിന് ഈടാക്കിയിരുന്നത്. ഗോഡൗണ്‍ ഉടമ സലീം ഖാന്റെ കൈയില്‍ നിന്ന് താസിംഖാന് ഇത് പാട്ടത്തിനെടുത്താണ് വളം വില്പന നടത്തിയിരുന്നത്. ആരൊക്കെയാണ് അഴിമതിക്കു പിന്നിലെന്ന് കണ്ടെത്താന്‍ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഖാരീഫ് സീസണില്‍ കര്‍ണാടകയില്‍ യൂറിയ ക്ഷാമം അതിരൂക്ഷമായിരുന്നു. കര്‍ഷക പ്രക്ഷോഭവും നടന്നിരുന്നു. അതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ കുംഭകോണം കണ്ടെത്തിയത്. കുംഭകോണത്തില്‍ സര്‍ക്കാരിനു പങ്കുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. അന്വേഷിക്കുമെന്നു മാത്രമാണ് വകുപ്പ് മന്ത്രി പറയുന്നത്.