Home കർണാടക ബെംഗളൂരു കാന്തീരവ സ്‌റ്റുഡിയോക്ക് അടുത്ത് അടിപ്പാത നിര്‍മ്മാണം തുടങ്ങി; പീനിയ-നന്ദിനി ലേഔട്ട് യാത്ര എളുപ്പമാവും

ബെംഗളൂരു കാന്തീരവ സ്‌റ്റുഡിയോക്ക് അടുത്ത് അടിപ്പാത നിര്‍മ്മാണം തുടങ്ങി; പീനിയ-നന്ദിനി ലേഔട്ട് യാത്ര എളുപ്പമാവും

by admin

ബെംഗളൂരു: നഗരത്തില്‍ വിവിധ ഇടങ്ങളില്‍ ഗതാഗത കുരുക്ക് അഴിക്കാനും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനും പരിശ്രമിക്കുകയാണ് അധികൃതർ.ഇതിന്റെ ഭാഗമായി വിവിധ റോഡുകളില്‍ നവീകരണ പ്രവർത്തികള്‍ നടക്കുന്നുണ്ട്. ഇത് കൂടാതെ മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും അണിയറയില്‍ ശ്രമം നടക്കുന്നുണ്ട്. അത്തരത്തില്‍ നിർണായകമായ ഒരു വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി കാന്തീരവ സ്‌റ്റോഡിയോയ്ക്ക് സമീപമുള്ള ഔട്ടർ റിംഗ് റോഡിലെ ദീർഘകാലമായി മുടങ്ങിക്കിടന്ന അടിപ്പാതയുടെ നിർമ്മാണം പുനരാരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍. ഏകദേശം ഒരു പതിറ്റാണ്ടോളമായി സ്ഥലമെടുപ്പിലുണ്ടായ കാലതാമസമാണ് ഈ പദ്ധതിയെ ഇത്രയധികം വൈകിപ്പിക്കാൻ കാരണമായത്. ആറു മാസത്തിനുള്ളില്‍ അടിപ്പാത പൂർത്തിയാക്കാനാണ് അധികൃതർ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

2016-ല്‍ ആരംഭിച്ച പദ്ധതി പാതിവഴിയില്‍ നിലച്ചുപോയതായി ഒരു ബിഡിഎ ഉദ്യോഗസ്ഥൻ തന്നെ പറയുകയുണ്ടായി. ആദ്യം 60 സ്ഥലങ്ങളാണ് ഏറ്റെടുക്കാൻ കണ്ടെത്തിയിരുന്നത്, ഇത് ഇപ്പോള്‍ 43 ആയി കുറഞ്ഞിട്ടുണ്ട്. ഈ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിന് മാത്രം 60 കോടി രൂപ ചിലവ് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തികള്‍ എല്ലാം പൂർത്തീകരിച്ച സ്ഥിതിക്ക് നിർമ്മാണം വേഗത്തിലാവുമെന്നാണ് പ്രതീക്ഷ.പൂർത്തിയാകാത്ത എജിപുര മേല്‍പ്പാലം സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരിഹാസവിഷയമായതുപോലെ, ഈ അടിപ്പാതയുടെ കാലതാമസവും വലിയ വിമർശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇതിന്റെ ഒരു വശം പൂർത്തിയായിരുന്നു, എന്നാല്‍ മറുഭാഗത്തെ പണി മുടങ്ങി. അപൂർണ്ണമായ ഘടനയിലേക്ക് വാഹനങ്ങള്‍ കയറുന്നത് തടയാൻ ബിഡിഎ പ്രവേശന കവാടത്തില്‍ തടയാനുള്ള നീക്കവും നടത്തിയിരുന്നു.പീനിയയെയും നന്ദിനി ലേഔട്ടിനെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട അടിപ്പാതയാണിത്. ഇതിന്റെ നിർമ്മാണത്തിനായി ബിഡിഎ 40 കോടി രൂപയാണ് ചിലവഴിക്കുന്നത്. ഈ അടിപ്പാത വരുന്നതോടെ മേഖലയിലെ ഗതാഗത കുരുക്ക് ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല പാതിവഴിയില്‍ നിലച്ച പദ്ധതിക്ക് വീണ്ടും ജീവൻ വച്ചതിന്റെ ആശ്വാസവും നഗരവാസികള്‍ക്ക് ഉണ്ട്.ഇത് കൂടാതെ ഔട്ടർ റിംഗ് റോഡില്‍ വേറെയും നവീകരണ പ്രവർത്തനങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. ഡൊഡനഗുണ്ടിയിലെ ഔട്ടർ റിംഗ് റോഡ് സർവീസ് റോഡില്‍ കഴിഞ്ഞ ദിവസം മുതല്‍ ടാറിംഗ് ജോലികള്‍ ആരംഭിച്ചിരുന്നു. തിരക്കേറിയ ഈ സാങ്കേതിക ഇടനാഴിയിലെ യാത്രക്കാർക്ക് ഇത് വലിയ ആശ്വാസം നല്‍കുന്ന വാർത്ത തന്നെയാണ്. 307 കോടി രൂപ ചെലവില്‍ ഔട്ടർ റിംഗ് റോഡ് നവീകരണത്തിനു ജിബിഎ തയ്യാറെടുക്കുന്നതിനിടെയാണ് ഇത്.റോഡരികിലെ ഓടകള്‍ വൃത്തിയാക്കല്‍, കേർബ് സ്‌റ്റോണുകളും നടപ്പാതകളും പുനഃസജ്ജീകരണം എന്നിവ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. ചിലയിടങ്ങളില്‍ ബ്രഷ്ഡ് കോണ്‍ക്രീറ്റ് നടപ്പാതകളും നിർമ്മിക്കുന്നുണ്ട്. ഡൊഡനഗുണ്ടി സർവീസ് റോഡിലും, ഫ്ലൈഓവറിന് താഴെയുള്ള മധ്യ പാതയിലും ടാറിംഗ് ആരംഭിച്ചിട്ടുമുണ്ട്.നേരത്തെ സില്‍ക്ക് ബോർഡ് ജംഗ്ഷൻ മുതല്‍ കെആർ പുരം മെട്രോ സ്‌റ്റേഷൻ വരെയുള്ള ഔട്ടർ റിംഗ് റോഡ് ഭാഗത്തിന് 307 കോടി രൂപയുടെ നവീകരണ പദ്ധതിക്ക് കർണാടക സർക്കാർ അംഗീകാരം നല്‍കിയിരുന്നു. 17.01 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുമാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group