ബെംഗളൂരു: കർണാടകത്തില്‍ തണുപ്പ് കടുത്തതോടെ ഒൻപത് ജില്ലകളില്‍ ഓറഞ്ച് അലർട്ട് . വടക്കൻമേഖലകളിലാണ് തണുപ്പ് രൂക്ഷമായിരിക്കുന്നത്.കലബുറഗി, ബീദർ, വിജയപുര, ബെളഗാവി, ബാഗല്‍കോട്ട്, ഹാവേരി, യാദ്ഗിർ, ധാർവാഡ്, കൊപ്പാള്‍ എന്നീ ജില്ലകളിലാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. ബെംഗളൂരുവടക്കം മറ്റിടങ്ങളിലും താപനില ഗണ്യമായി കുറഞ്ഞിട്ടുണ്ട്.പത്തുവർഷത്തിലെ ഏറ്റവുംകുറഞ്ഞ താപനിലയാണിത്. അടുത്തദിവസങ്ങളില്‍ ഇത് ആറുഡിഗ്രിയായി കുറയുമെന്നാണ് കാലാവസ്ഥാപ്രവചനം.
ശീതക്കാറ്റുവീശുമെന്നും മുന്നറിയിപ്പുണ്ട്. ബെംഗളൂരുവിലും ശീതക്കാറ്റുവീശുന്നുണ്ട്. ബെംഗളൂരുവില താപനില 14 ഡിഗ്രിയായി കുറഞ്ഞു.എല്ലാദിവസവും രാവിലെ ശീതക്കാറ്റുവീശുമെന്ന മുന്നറിയിപ്പുണ്ട്. 16 കിലോമീറ്റർ വേഗത്തിലാണ് ശീതക്കാറ്റുവീശുക. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും തണുപ്പില്‍നിന്ന് രക്ഷനേടാൻപറ്റുന്ന വസ്ത്രംധരിച്ചുവേണം പുറത്തിറങ്ങാനെന്നും സർക്കാർ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. മൂടല്‍മഞ്ഞ് ബെംഗളൂരുവിലൂടെയുള്ള വിമാനസർവീസുകളെയും ബാധിച്ചിട്ടുണ്ട്. രാവിലെയുള്ള സർവീസുകളാണ് വൈകുന്നത്.