ബെംഗളൂരു : അധികാരപ്പോരിന് വീണ്ടും ചൂടുപകർന്ന് അത്താഴവിരുന്ന്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും അദ്ദേഹത്തിൻ്റെ അനുയായികളായ എംഎൽഎമാരും മന്ത്രിമാരും പങ്കെടുത്ത അത്താഴവിരുന്ന് വ്യാഴാഴ്ച രാത്രി വൈകി ബെളഗാവിയിലാണ് നടന്നത്.മന്ത്രിമാരായ കെ.എച്ച്. മുനിയപ്പ, മംഗൽ വൈദ്യ, എം.സി. സുധാകർ, എംഎൽഎമാരായ എൻ.എ. ഹാരിസ്, രമേഷ് ബന്ദിസിദ്ദെഗൗഡ, എച്ച്.സി. ബാലകൃഷ്ണ, ഗണേശ് ഹുക്കേരി, ദർശൻ ധ്രുവനാരായണ, അശോക് കുമാർ റായ്, കെ.എൻ. നഞ്ജജെഗൗഡ തുടങ്ങി 30-ഓളം പേർ പങ്കെടുത്തതായാണ് വിവരം.ബിജെപിയിൽനിന്ന് അച്ചടക്കനടപടി സ്വീകരിച്ച് പുറത്താക്കപ്പെട്ട എംഎൽഎമാരായ എസ്.ടി. സോമശേഖറും ശിവറാം ഹെബ്ബാറും വിരുന്നിനെത്തിയത് ശ്രദ്ധേയമായി. എംഎൽഎമാരുടെ പിന്തുണ നേടിയെടുക്കുന്നതിന് ഡി.കെ. ശിവകുമാർ നടത്തിയ നീക്കമാണിതെന്ന് സൂചനയുണ്ട്.അതിനിടെ, ശിവകുമാറിന് അനുകൂലമായ പരസ്യപ്രസ്താവനയുമായി രാമനഗര കോൺഗ്രസ് എംഎൽഎ ഇഖ്ബാൽ ഹുസൈൻ വീണ്ടും രംഗത്തെത്തി. നിയമസഭയുടെ ശീതകാലസമ്മേളനം കഴിഞ്ഞാൽ സിദ്ധരാമയ്യയെ മാറ്റി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം വെള്ളിയാഴ്ച ബെളഗാവിയിലെ സുവർണ വിധാൻസൗധയിൽ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
പാർട്ടിക്കുവേണ്ടി ശിവകുമാർ നടത്തിയ പോരാട്ടങ്ങൾക്ക് പ്രതിഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇക്കാര്യം തങ്ങൾ ഹൈക്കമാൻഡിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.വ്യാഴാഴ്ച ബെളഗാവിയിൽനടന്ന അത്താഴവിരുന്നിൽ 55 സാമാജികർ പങ്കെടുത്തെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, പാർട്ടിയിൽ താൻ ശക്തിപ്രകടിപ്പിക്കുന്നതിനുള്ള ഒരു ശ്രമവും നടത്തുന്നില്ലെന്ന് ശിവകുമാർ പറഞ്ഞു. എല്ലാ എംഎൽഎമാരുമൊന്നാണെന്നും മുഖ്യമന്ത്രിയും താനും ഒറ്റ ഗ്രൂപ്പാണെന്നും അവകാശപ്പെട്ടു.അതേസമയം, ഇക്കാര്യം ശിവകുമാർ തള്ളിക്കളഞ്ഞു. ബെളഗാവി മുൻജില്ലാ കോൺഗ്രസ് പ്രസിഡന്റും സുഹൃത്തുമായ ദൊഡ്ഡന്നവർ ക്ഷണിച്ചതനുസരിച്ച് താനും മറ്റു ചിലരും പോയതാണെന്നും അത് അത്താഴയോഗമല്ലായിരുന്നെന്നും ശിവകുമാർ പ്രതികരിച്ചു. പാർട്ടിയിലെ സുഹൃത്തുക്കളുടെ സ്നേഹപൂർണമായ ക്ഷണം സ്വീകരിച്ച് ഉച്ചഭക്ഷണത്തിനും അത്താഴത്തിനും പങ്കെടുക്കാറുണ്ടെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും ശിവകുമാർ പറഞ്ഞു.