Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരു ഔട്ടര്‍ റിംഗ് റോഡ് നവീകരണം; രണ്ടാം ഘട്ടം ഈ മേഖലയില്‍, സര്‍വീസ് റോഡ് ടാറിംഗ് തുടങ്ങി

ബെംഗളൂരു ഔട്ടര്‍ റിംഗ് റോഡ് നവീകരണം; രണ്ടാം ഘട്ടം ഈ മേഖലയില്‍, സര്‍വീസ് റോഡ് ടാറിംഗ് തുടങ്ങി

by admin

ബെംഗളൂരു: നഗരത്തിലെ വിവിധ പാതകളില്‍ മാറ്റത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതിന്റെ ആശ്വാസത്തിലാണ് എല്ലാവരും.കാലങ്ങളായി ബെംഗളൂരു നഗരത്തിന്റെ ശാപമായി നിലനിന്നിരുന്ന ട്രാഫിക് ബ്ലോക്കും റോഡുകളുടെ ശോച്യാവസ്ഥയും ഒക്കെ ഇനി പഴങ്കഥയാവാൻ പോവുകയാണ് എന്നാണ് അധികൃതർ പറയുന്നത്. അതിന്റെ ഭാഗമായി ദീർഘകാലമായി അറ്റകുറ്റപണികള്‍ നടത്താതിരിക്കുന്ന റോഡുകള്‍ പോലും വീണ്ടും നവീകരണത്തിന് ഒരുങ്ങുകയാണ്.ദീർഘനാളത്തെ കാലതാമസത്തിനൊടുവില്‍, ഡൊഡനഗുണ്ടിയിലെ ഔട്ടർ റിംഗ് റോഡ് (ഒആർആർ) സർവീസ് റോഡില്‍ ടാറിംഗ് ജോലികള്‍ ആരംഭിച്ചു. തിരക്കേറിയ ഈ സാങ്കേതിക ഇടനാഴിയിലെ യാത്രക്കാർക്ക് ഇത് വലിയ ആശ്വാസം നല്‍കുന്ന വാർത്ത തന്നെയാണ്. 307 കോടി രൂപ ചെലവില്‍ ഔട്ടർ റിംഗ് റോഡ് നവീകരണത്തിനു ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി തയ്യാറെടുക്കുന്നതിനിടെയാണ് ഈ സന്തോഷ വാർത്ത ബെംഗളൂരു നഗരവാസികളെ തേടി എത്തുന്നത്.2022 സെപ്റ്റംബറിലാണ് ഈ പദ്ധതി ആദ്യമായി ചർച്ചയില്‍ വരുന്നത്. അന്ന് ബെംഗളൂരുവിലുണ്ടായ കനത്ത മഴ ഔട്ടർ റിംഗ് റോഡുകളുടെ ശോച്യാവസ്ഥ വെളിപ്പെടുത്തി. റോഡിന്റെ മുഴുവൻ ഭാഗത്തും ടാറിംഗ് നടത്താനുള്ള ആവശ്യം അന്നത്തെ പരിശോധനകളില്‍ വ്യാപകമായി തന്നെ ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് മഹാദേവപുര സോണ്‍ സിവിക് അധികാരികള്‍ക്ക് ഒരു ബജറ്റ് നിർദ്ദേശം സമർപ്പിക്കുകയായിരുന്നു.ഫണ്ടിംഗിന്റെ ആദ്യഘട്ടം മാരത്തഹള്ളി-ഇബ്ലൂർ പാതയിലായിരുന്നു. ഇതില്‍ സർവീസ് റോഡുകളുള്‍പ്പെടെയുള്ള ജോലികള്‍ ഇപ്പോള്‍ പൂർത്തിയാവാറായിട്ടുണ്ട്. സാമ്ബത്തിക സഹായത്തിന്റെ അടുത്ത ഗഡു ലഭിച്ചതോടെയാണ് ഇപ്പോള്‍ ഡൊഡനഗുണ്ടിയില്‍ പ്രധാനപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.റോഡരികിലെ ഓടകള്‍ വൃത്തിയാക്കല്‍, കേർബ് സ്‌റ്റോണുകളും നടപ്പാതകളും പുനഃസജ്ജീകരണം എന്നിവ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ചിലയിടങ്ങളില്‍ ബ്രഷ്ഡ് കോണ്‍ക്രീറ്റ് നടപ്പാതകളും നിർമ്മിക്കുന്നുണ്ട്. ഡൊഡനഗുണ്ടി സർവീസ് റോഡിലും, ഫ്ലൈഓവറിന് താഴെയുള്ള മധ്യ പാതയിലും ടാറിംഗ് ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. നിലവില്‍ ഔട്ടർ റിംഗ് റോഡിന്റെ കാര്യത്തില്‍ നല്ല സമീപനമാണ് ജിബിഎ വച്ച്‌ പുലർത്തുന്നത്. അടുത്തിടെ സില്‍ക്ക് ബോർഡ് ജംഗ്ഷൻ മുതല്‍ കെആർ പുരം മെട്രോ സ്‌റ്റേഷൻ വരെയുള്ള ഔട്ടർ റിംഗ് റോഡ് ഭാഗത്തിന് 307 കോടി രൂപയുടെ നവീകരണ പദ്ധതിക്ക് സർക്കാർ അംഗീകാരം നല്‍കിയിരുന്നു.

17.01 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുമാണ് പ്രാധാന്യം നല്‍കുന്നത്.ഈ ഇടനാഴിക്ക് പത്ത് വരികളുണ്ടാകും. ഓരോ വശത്തും മൂന്ന് പ്രധാന പാതകളും രണ്ട് സർവീസ് റോഡ് പാതകളും ഇതില്‍ ഉള്‍പ്പെടുന്നു. തുടർച്ചയായ കോണ്‍ക്രീറ്റ് കാല്‍നടപ്പാതകളും സൈക്കിള്‍ പാതകളായി ഉപയോഗിക്കാവുന്ന സംവിധാനവും ഇതില്‍ ഉള്‍പ്പെടുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. റോഡിന്റെ ചില ഭാഗങ്ങള്‍ പൂർണമായി പുനർനിർമ്മിക്കപ്പെടുമ്ബോള്‍, മിക്ക ഇടത്തും സാധാരണ ബിറ്റുമിനസ് കോണ്‍ക്രീറ്റ് പാളി സ്ഥാപിക്കും.കൂടാതെ കെആർ പുരം മെട്രോ ലൈനിന് കീഴില്‍ ഇബ്ലൂരില്‍ നിന്ന് കെആർ പുരത്തേക്ക് ഒരു സ്കൈവാക്ക് നിർമ്മിക്കാനും പദ്ധതിയുണ്ടെന്നാണ് വിവരം. ഇത് പക്ഷേ, പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ മാത്രമേ നടപ്പിലാക്കുകയുള്ളൂവെന്നാണ് അധികൃതർ പറയുന്നത്. പദ്ധതിയുടെ പ്രാരംഭ എസ്‌റ്റിമേറ്റ് ഏകദേശം 400 കോടി രൂപയായിരുന്നെങ്കിലും, മന്ത്രിസഭ 307 കോടി രൂപയ്ക്കാണ് നിലവില്‍ അന്തിമ അംഗീകാരം കൊടുത്തിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group