Home കർണാടക ചിന്നസ്വാമി സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര, ഐപിഎൽ മത്സരങ്ങള്‍ നടത്തും; ഉപാധികളോടെ അനുമതി നൽകി മന്ത്രിസഭ

ചിന്നസ്വാമി സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര, ഐപിഎൽ മത്സരങ്ങള്‍ നടത്തും; ഉപാധികളോടെ അനുമതി നൽകി മന്ത്രിസഭ

by admin

ബെംഗളൂരു:ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര മത്സരങ്ങളും ഐപിഎൽ മത്സരങ്ങളും നടത്താൻ കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന് അനുമതി. കർണാടക മന്ത്രിസഭയാണ് ഉപാധികളോടെ അനുമതി നൽകിയത്. ആർസിബിയുടെ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിന് ശേഷം ആദ്യമായാണ് സ്റ്റേഡിയത്തിൽ മറ്റ് മത്സരങ്ങള്‍ നടത്താനൊരുങ്ങുന്നത്.ജൂൺ നാലിനാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ (ആർസിബി) വിജയാഘോഷത്തിനിടെ സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചത്. മൈതാനത്തിൻ്റെ രൂപകൽപ്പനയും ഘടനയും ബഹുജന സമ്മേളനങ്ങൾക്ക് അനുയോജ്യമല്ലാത്തതും സുരക്ഷിതമല്ലാത്തതുമാണെന്നായിരുന്നു ജസ്റ്റിസ് ജോൺ മൈക്കൽ കുൻഹ കമ്മിഷൻ്റെ അന്വേഷണ റിപ്പോർട്ട്. അതിനാൽ തന്നെ റിപ്പോർട്ടിൽ പരാമർശിച്ച ശുപാർശകൾ കെഎസ്‌സിഎ നടപ്പിലാക്കണമെന്ന ഉപാധികളോടെയാണ് മത്സരങ്ങള്‍ക്ക് അനുമതി നൽകിയിട്ടുള്ളത്.

സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും മതിയായ ഗേറ്റുകൾ, റോഡുകളിൽ നിന്ന് വേർതിരിച്ച പ്രത്യേക ക്യൂയിങ്, സർക്കുലേഷൻ സോണുകൾ, അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന അടിയന്തര ഒഴിപ്പിക്കൽ പദ്ധതികൾ, മതിയായ പാർക്കിങ് തുടങ്ങിയവ സജ്ജീകരിക്കണമെന്നാണ് പാനൽ ശുപാർശ ചെയ്‌തിട്ടുള്ളത്.നേരത്തെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരങ്ങൾ നിർത്താൻ സർക്കാരിന് ഉദ്ദേശമില്ലെന്നായിരുന്നു ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പ്രഖ്യാപിച്ചിരുന്നത്. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ) പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ് വെങ്കിടേഷ് പ്രസാദിനെയും മറ്റ് ഉദ്യോഗസ്ഥരെയും സന്ദർശിച്ച ശേഷമാണ് ഡികെ ശിവകുമാർ തീരുമാനം പറഞ്ഞത്. എന്നാൽ ഇതിന് പിന്നാലെയാണ് മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്.കൂടാതെ പട്ടികജാതി (എസ്‌സി) വിഭാഗങ്ങൾക്കിടയിൽ ആഭ്യന്തര സംവരണം നടപ്പിലാക്കുന്നതിനുള്ള ബില്ലും മന്ത്രിസഭ ചർച്ച ചെയ്‌തു. ഇത് സംസ്ഥാന നിയമസഭയുടെ നടന്നുകൊണ്ടിരിക്കുന്ന ശൈത്യകാല സമ്മേളനത്തിന് മുമ്പാകെ അവതരിപ്പിച്ചേക്കും. 101 പട്ടികജാതി വിഭാഗങ്ങൾക്ക് നൽകിയിട്ടുള്ള 17 ശതമാനം സംവരണം, മൂന്ന് ഗ്രൂപ്പുകളായി വിഭജിച്ച് യഥാക്രമം 6, 6, 5 ശതമാനം ഫോർമുല ഉപയോഗിച്ച് പട്ടികജാതി വിഭാഗങ്ങൾക്കിടയിൽ ആഭ്യന്തര സംവരണം നൽകാൻ സംസ്ഥാന സർക്കാർ ഇതിനകം തീരുമാനിച്ചിട്ടുണ്ട്.സംസ്ഥാന സർക്കാർ വികസിപ്പിച്ചെടുത്ത ആഭ്യന്തര സംവരണ ഫോർമുല പ്രകാരം, എസ്‌സി (വലത്), എസ്‌സി (ഇടത്) എന്നിവയ്ക്ക് ആറ് ശതമാനം വീതവും, ലംബാനി, ഭോവി, കോർമ, കോർച്ച തുടങ്ങിയ സമുദായങ്ങൾക്കും ഏറ്റവും പിന്നാക്ക / നാടോടി സമൂഹങ്ങൾക്ക് അഞ്ച് ശതമാനം സംവരണം ലഭിക്കും. കൂടാതെ കർണാടക റോഡ് സുരക്ഷാ അതോറിറ്റി ആക്‌ടിൽ ഭേദഗതി വരുത്തി പുതിയ വാഹനങ്ങൾക്ക് 1,000 രൂപ സെസ് ഏർപ്പെടുത്തുന്നതിനുള്ള ബിൽ മന്ത്രിസഭ അംഗീകരിക്കേണ്ടതുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഈ ബിൽ ഇപ്പോൾ നടക്കുന്ന സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്നും അധികൃതർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group