മലയാറ്റൂർ സെബിയൂരിൽ പെൺകുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് പ്രതിയുടെ സംശയം. മദ്യലഹരിയിലാണ് താൻ കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ചിത്രപ്രിയയും പ്രതി അലനും പഠനകാലം മുതൽ സുഹൃത്തുക്കളായിരുന്നു. ഇവരുടെ സൗഹൃദം വീട്ടുകാർക്കും അറിയാമായിരുന്നു.ചിത്രപ്രിയ ബെംഗളൂരുവിൽ പഠിക്കാൻ പോയതുമുതൽ ഇരുവരും തമ്മിലുള്ള അടുപ്പം കുറഞ്ഞു. ബെംഗളൂരുവിൽ ചിത്രപ്രിയയ്ക്ക് മറ്റൊരു സുഹൃത്ത് ഉണ്ടെന്ന അലന്റെ സംശയമാണ് പ്രശ്നമായത്. ഈ വിഷയത്തെ ചൊല്ലി ഇരുവരും തർക്കങ്ങൾ പതിവായിരുന്നു.സംഭവം നടന്ന ദിവസം ചിത്രപ്രിയയുടെ അച്ഛൻ ഷൈജുവും അമ്മ ഷിനിയും നാട്ടിലെ അയ്യപ്പസേവാ സംഘത്തിന്റെ അയ്യപ്പൻ വിളക്കിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. താലപ്പൊലിയിൽ പങ്കെടുക്കാൻ മകൾ എത്താതിരുന്നപ്പോൾ അച്ഛൻ ചിത്രപ്രിയയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഉടനെത്താമെന്ന് പറഞ്ഞ മകൾ ഏറെ വൈകിയും വരാതായപ്പോൾ അലനെയും ഫോണിൽ ബന്ധപ്പെട്ടു.സെബിയൂർ റോഡിൽ ചിത്രപ്രിയയെ ഇറക്കി താൻ മടങ്ങി എന്നായിരുന്നു അലന്റെ മറുപടി.
പിന്നീട് ചിത്രപ്രിയയെ പലവട്ടം വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്നാണ് ചിത്രപ്രിയയുടെ മാതാപിതാക്കൾ കാലടി പോലീസിൽ പരാതി നൽകിയത്. പോലീസും ഷിനി ജോലിചെയ്യുന്ന കാറ്ററിങ് സ്ഥാപത്തിലെ ജീവനക്കാരും പ്രദേശത്താകെ തിരച്ചിൽ നടത്തിയിരുന്നു. മൂന്നാം ദിവസമാണ് അഴുകിയ നിലയിൽ സെബിയൂരിലെ ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ ഉടൻ പോലീസ് അലനെ കസ്റ്റഡിയിലെടുത്തിരുന്നു. മരണം സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് മറുപടി പറഞ്ഞ അലനെ പോലീസ് വിട്ടയച്ചെങ്കിലും നിരീക്ഷണത്തിൽ വെച്ചു. പിന്നീട് പോലീസ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചിത്രപ്രിയയും അലനും ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ കിട്ടി. വീണ്ടും കസ്റ്റഡിയിലെടുത്ത് തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോൾ അലൻ കുറ്റം സമ്മതിച്ചു. മദ്യലഹരിയിൽ ഇരുവരും തമ്മിൽ തർക്കം ഉണ്ടായെന്നും കല്ലുകൊണ്ട് ചിത്രപ്രിയയെ ആക്രമിച്ചെന്നും അലൻ സമ്മതിച്ചു. തുടർന്ന് വൈകീട്ട് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.ചിത്രപ്രിയ നീലീശ്വരം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ പത്താംക്ലാസ് പൂർത്തീകരിച്ച ശേഷം കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ്ടു പാസായി. ബെംഗളൂരുവിൽ ബിബിഎ ഏവിയേഷൻ കോഴ്സ് പഠിച്ചുവരുകയായിരുന്നു. ചിത്രപ്രിയയുടെ സംസ്കാരം നടത്തി