മൈസൂരു : വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കുക്കരഹള്ളി തടാകം ശുചീകരിക്കുന്നതിന് ഹൈടെക് ബോട്ട്. മൈസൂരു സർവകലാശാല മുൻകൈയെടുത്താണ് ഗോവയിൽനിന്ന് 3.53 ലക്ഷം രൂപ ചെലവ് വരുന്ന പ്രത്യേകം രൂപകൽപ്പന ചെയ്ത ബോട്ട് എത്തിക്കുക. ഈ ബോട്ട് ഉപയോഗിച്ച് ജലാശയം വൃത്തിയാക്കാനാണ് പദ്ധതി.മലിനീകരണം, ദുർഗന്ധം എന്നിവ മൂലം തടാകം നാശത്തിന്റെ വക്കിലെത്തിയതിനാലാണ് സർവകലാശാലയുടെ നേതൃത്വത്തിൽ നടപടി. തടാകത്തിന്റെ ദീർഘകാല സംരക്ഷണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളും സർവകലാശാല തയ്യാറാക്കിയിട്ടുണ്ട്. കുക്കരഹള്ളി തടാകം കാൽനടയാത്രക്കാർക്കും പ്രകൃതിസ്നേഹികൾക്കും പ്രിയപ്പെട്ട സ്ഥലമാണ്. എന്നാൽ, മാലിന്യം നിറഞ്ഞ് തടാകം ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. മാലിന്യനിക്ഷേപവും ആവർത്തിച്ചുള്ള മലിനീകരണവും കുക്കരഹള്ളി തടാകത്തിന്റെ ഭംഗിയെ നശിപ്പിച്ചിട്ടുണ്ട്.
രൂക്ഷ ദുർഗന്ധം മൂലം ഇവിടെ ഇപ്പോൾ സന്ദർശകർ എത്താറേയില്ല.മൈസൂർ സർവകലാശാല രജിസ്ട്രാർ എം.കെ. സവിതയുടെ നേതൃത്വത്തിൽ വൻ ശുചീകരണ സംവിധാനമാണ് നടപ്പാക്കുക. പൊങ്ങിക്കിടക്കുന്ന മാലിന്യം ശേഖരിച്ച് തടാകത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിനായാണ് ബോട്ട് ഉപയോഗപ്പെടുത്തുക. കളകൾ വെട്ടിമാറ്റുന്നതിനും തടാകത്തിലെ പ്ലാസ്റ്റിക്കുകളും മറ്റ് മാലിന്യവും നീക്കം ചെയ്യുന്നതിനും ബോട്ട് ഉപയോഗിക്കും.