ബംഗളൂരു: കർണാടകയില്‍ റോട്ട്‌വീലർ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ നായ് ഉടമ അറസ്റ്റില്‍. ശൈലേന്ദ്ര കുമാറാണ് അറസ്റ്റിലായത്.നഗരത്തിലെ ശിവാലി സിനിമയുടെ ഉടമയുടെ മരുമകനാണ് പ്രതി. ഹൊന്നൂർ ഗൊല്ലരഹട്ടി സ്വദേശിയായ അനിത എന്ന യുവതിയാണ് നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പ്രതിയെ ദാവണഗെരെ റൂറല്‍ പൊലീസ് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.അതേസമയം സ്ത്രീയെ കൊന്ന രണ്ട് റോട്ട്‌വൈലർ നായ്ക്കള്‍ ചത്തു.
സംഭവത്തിന് ശേഷം ഗ്രാമവാസികളാണ് നായ്ക്കളെ പിടികൂടിയത്. കഠിനമായ മർദ്ദനമേറ്റതിനെത്തുടർന്നാണ് നായ്ക്കള്‍ ചത്തത്. ദാവൻഗരെ റൂറല്‍ പൊലീസ് സ്റ്റേഷൻ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. അറസ്റ്റിലായ ശൈലേന്ദ്ര കുമാർ വർഷങ്ങളായി റോട്ട്‌വൈലർ നായ്ക്കളെ വളർത്തി വരുകയായിരുന്നു.ശനിയാഴ്ച അയാള്‍ നായ്ക്കളെ ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന് ഫാമില്‍ ഇറക്കിവിട്ടിരുന്നു. ഈ സമയമാണ് നായ്ക്കള്‍ യുവതിയെ ആക്രമിച്ചത്. ദാവണഗെരെ താലൂക്കിലെ ഹൊന്നൂർ ക്രോസിനടുത്താണ് സംഭവം. അനിതയുടെ കൈമുട്ടിലും കാലുകളിലും തലയിലും നെഞ്ചിലുമാണ് നായ കടിച്ചത്. തയിലായിരുന്നു അധികം പരിക്കും ഉണ്ടായിരുന്നത്.രാത്രി വളരെ വൈകിയും നായ്ക്കള്‍ അസാധാരണമായി കുരയ്ക്കുന്നത് കേട്ട് പ്രദേശവാസികള്‍ പുറത്തിറങ്ങി നോക്കുമ്ബോഴാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ അനിതയെ കാണുന്നത്. ഉടൻ തന്നെ പ്രദേശവാസികള്‍ ചേർന്ന് അനിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. യുവതിയെ രക്ഷിക്കാനായി സംഭവസ്ഥലത്ത് എത്തിയപ്പോള്‍ നായ്ക്കള്‍ തങ്ങളെയും ആക്രമിക്കാൻ ശ്രമിച്ചതായി ദൃക്‌സാക്ഷി മല്ലികാർജുൻ എന്ന നാട്ടുകാർ മാധ്യമങ്ങളോട് പ്രതികരിച്ചു.