ബെംഗളൂരു: ഏറെക്കാലമായി നഗരം കാത്തിരിക്കുന്ന സ്വപ്ന പദ്ധതിയായ ബെംഗളൂരു ബിസിനസ് കോറിഡോർ (ബിബിസി) വീണ്ടും ചർച്ചകളില്‍ നിറയുകയാണ്.നേരത്തെ പെരിഫറല്‍ റിംഗ് റോഡ് (പിആർആർ) പദ്ധതി എന്ന പേരിലായിരുന്നു ഇത് നടപ്പാക്കാനിരുന്നത് എങ്കില്‍ ഇപ്പോള്‍ അതൊക്കെ മാറിയിരിക്കുകയാണ്. ഇതിന്റെ അണിയറ പ്രവർത്തികള്‍ നടക്കുമ്ബോഴും ആദ്യഘട്ടം മുതല്‍ ചില വിമർശനങ്ങളും നേരിടുന്നുണ്ട്.ഭൂമിതർക്കവുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈക്കോടതി പരിഗണിക്കവെ, ഭൂവുടമകള്‍ ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി (ബിഡിഎ) യെ ശക്തമായി വിമർശിച്ചു രംഗത്ത് വന്നിരിക്കുകയാണ്. കോടതികള്‍ക്കും മാധ്യമങ്ങള്‍ക്കും പൊതുജനത്തിനും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയതിനാണ് ഈ വിമർശനം.ബിഡിഎയുടെ ആസൂത്രിതമായ മാധ്യമ പ്രചാരണം നീതിന്യായ പ്രക്രിയയെ സ്വാധീനിക്കാനും പദ്ധതിയുടെ ഗുരുതരമായ നിയമ, നടപടിക്രമ പരാജയങ്ങള്‍ മറച്ചുവെക്കാനുമുള്ള നിരാശാജനകമായ ശ്രമമാണെന്ന് പിആർആർ റൈത്ത ഹാഗു നിവേശനദാരര സംഘ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. മാധ്യമ വാർത്തകളിലൂടെ കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ബിഡിഎ ശ്രമിക്കുന്നതെന്നാണ് ഇവരുടെ ആരോപണം.ബിഡിഎയുടെ പദ്ധതി അടിസ്ഥാനപരമായി തെറ്റായതും നിയമപരമായി അസാധുവായതുമാണെന്ന് സംഘം ചൂണ്ടിക്കാട്ടി. 2007-ലെ അന്തിമ വിജ്ഞാപനം നിയമപരമായി ഇല്ലാതായതായും, 2022-ലെ നടപടികള്‍ ഒരു നിലച്ച പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള നിയമവിരുദ്ധ ശ്രമമാണെന്നും ഭൂവുടമകളുടെ കൂട്ടായ്മ ആരോപിച്ചു.’പദ്ധതിക്ക് ആവശ്യമായതിലും അധികം ഭൂമി ഏറ്റെടുക്കാൻ ബിഡിഎ ശ്രമിക്കുന്നു, ഇത് പദ്ധതിച്ചെലവ് വർധിപ്പിക്കുകയും പൊതുജനങ്ങള്‍ക്ക് ഭാരമാവുകയും ചെയ്യും. ടോള്‍ ബൂത്തുകള്‍ക്കായി 170 ഏക്കറും ബിഎംടിസി/ട്രക്ക് ടെർമിനലുകള്‍ക്കായി 256 ഏക്കറും ഉള്‍പ്പെടെ 426 ഏക്കർ അനാവശ്യ ഭൂമി ഏറ്റെടുക്കലില്‍ നിന്ന് ഉടൻ ഒഴിവാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു’ സംഘം ആവശ്യപ്പെട്ടു.ഹൈക്കോടതി നിർദ്ദേശങ്ങളോടുള്ള ബിഡിഎയുടെ അവഗണനയെ സംഘം അപലപിച്ചു. കേസ് തീർപ്പാകും വരെ കർഷകരെ ശല്യപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയ നവംബർ 27-ലെ ഉത്തരവ് പാലിക്കുന്നതില്‍ അതോറിറ്റിക്ക് വീഴ്ച പറ്റിയതായും അവർ ചൂണ്ടിക്കാട്ടി.
‘സർവേ നടത്താനോ സമ്മതം നേടാൻ നിർബന്ധിക്കാനോ ഉള്ള ഏതൊരു ശ്രമവും അധികാര ദുർവിനിയോഗമാണ്’ ഭൂവുടമകളുടെ കൂട്ടായ്മ കൂട്ടിച്ചേർത്തു.അതേസമയം, ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതിക്ക് 2560 ഏക്കർ ഭൂമി ആവശ്യമാണ്, അതില്‍ ഏകദേശം 140 ഏക്കർ നിയമ തർക്കത്തില്‍ പെട്ടുകിടക്കുകയാണ്. ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയെ ചോദ്യം ചെയ്ത് 45 ഓളം ഭൂവുടമകള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ബിഡിഎയ്ക്ക് എതിരെ കർഷകരും ഭൂവുടമകളും ഒരേ സ്വരത്തില്‍ രംഗത്ത് വരുന്നത്.അതിനിടെ നഷ്ട പരിഹാരവുമായി ബന്ധപ്പെട്ടും ഭൂവുടമകള്‍ പരാതി ഉന്നയിക്കുന്നുണ്ട്. കിഴക്കൻ ബെംഗളൂരുവിലെ ഭൂവുടമകളില്‍ നിന്ന് ശക്തമായ എതിർപ്പുണ്ട് പദ്ധതിക്ക് എതിരെ. ബിഡിഎയുടെ നഷ്ടപരിഹാരം വിപണി മൂല്യത്തിന്റെ 25 ശതമാനത്തില്‍ താഴെയാണെന്ന് അവർ പറയുന്നു. ബിഡിഎയുടെ നടപടിയില്‍ വിശ്വാസം ഇല്ലാത്തതിനാല്‍ അവർ റെസിഡൻഷ്യല്‍ അല്ലെങ്കില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സ്ഥലങ്ങള്‍ പകരം ആവശ്യപ്പെടുന്നുണ്ട്.എന്തായാലും പുതിയ സാഹചര്യത്തില്‍ പദ്ധതിയുടെ മുന്നോട്ട് പോക്കിനെ കുറിച്ച് ആശങ്ക കാര്യമായി തന്നെ ഉയരുന്നുണ്ട്. പ്രധാനമായും അതിന്റെ കാരണം ഇത്രയധികം ഭൂമി ഏറ്റെടുക്കുമ്ബോള്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ തന്നെയാണ്. പദ്ധതിയുടെ ഭാവി ഉറ്റുനോക്കുകയാണ് ബെംഗളൂരു നഗരവാസികള്‍. കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ അധികമായി ഈ പദ്ധതിക്കായി കാത്തിരിക്കുന്നവരുടെ പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.