ബെംഗളൂരു : സംസ്ഥാനാന്തര റൂട്ടിൽ യാത്രക്കാരെ വലയ്ക്കുന്ന സമീപനം തുടർന്ന് കേരള ആർടിസി. ഇന്നലെ എറണാകുളത്തേക്കുള്ള പുത്തൻ സ്ലീപ്പർ എസി ബസ് ഇലക്ട്രോണിക് സിറ്റി ഹുസ്ക്കൂർ ഗേറ്റിന് സമീപം വഴിയിൽ കിടന്നതോടെ പകരം 2 മണിക്കൂറിന് ശേഷം എത്തിയത് നോൺ എസി സൂപ്പർഫാസ്റ്റ് ബസ്. പാലക്കാട് വരെ ഈ ബസിൽ യാത്ര ചെയ്തവരെ പിന്നീട് എസി സീറ്റർ ബസിൽ ഉച്ചകഴിഞ്ഞ് എറണാകുളത്തെത്തിച്ചു.രാത്രി 10.30നു സാറ്റലൈറ്റിൽ നിന്ന് പുറപ്പെട്ട ബസ് 11.45ന് ഇലക്ട്രോണിക് സിറ്റി പിന്നിട്ടപ്പോൾ എസി തകരാറിലായി. പിന്നാലെ ബസിന്റെ എൻജിനും നിലച്ചു.
കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് കമ്പനിയിലെ 2 ഡ്രൈവർ കം കണ്ടക്ടർമാരാണ് ബസിലുണ്ടായിരുന്നത്. ഇവർ വിവരം കൺട്രോൾ റൂമിൽ അറിയിച്ചു.പകരം ബസെത്തുമെന്ന മറുപടിയിൽ പ്രതീക്ഷവച്ച് 30 യാത്രക്കാർ ലഗേജുകളുമായി തണുപ്പേറ്റ് റോഡരികിൽ കാത്ത്നിന്നു.ബത്തേരിയിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന സൂപ്പർഫാസ്റ്റ് ബസാണ് പകരം സർവീസിന് എത്തിയത്. ബസ് ഇലക്ട്രോണിക് സിറ്റിയിലെത്തിയപ്പോൾ സമയം വെളുപ്പിന് രണ്ട് കഴിഞ്ഞു. ഇതിനിടെ ഹുസ്ക്കൂരിൽ നിന്നും ബൊമ്മസന്ദ്രയിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന 2 സ്ത്രീകൾ യാത്ര റദ്ദാക്കി.