Home പ്രധാന വാർത്തകൾ കസ്റ്റംസിനെ പറ്റിച്ച്‌ കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, ‘ന്യൂഇയര്‍ ആഘോഷ’ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്

കസ്റ്റംസിനെ പറ്റിച്ച്‌ കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, ‘ന്യൂഇയര്‍ ആഘോഷ’ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്

by admin

ബെംഗളൂരു: വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ പുഷ്പം പോലെ മറികടന്ന് നഗരത്തിലേക്ക് കടത്തിയത് കോടികളുടെ കഞ്ചാവ്.പക്ഷേ ഹൈഡ്രോപോണിക് കഞ്ചാവ് വിതരണം തുടങ്ങും മുൻപ് പൊലീസ് പിടിയിലായി മെക്കാനിക്കും ഭാര്യയും. ബെംഗളൂരുവിലാണ് സംഭവം. മെക്കാനിക്ക് ആയ യുവാവും ഭാര്യയും കൂടിയാണ് തായ്ലാൻഡില്‍ നിന്ന് 18.60 കോടിയുടെ ഹൈഡ്രോപോണിക്സ് കഞ്ചാവ് വിമാനത്താവളം വഴി കടത്തിയത്. വിമാനത്താവളത്തില്‍ നിന്ന് സംശയത്തിന് ഇടകൊടുക്കാതെ പുറത്ത് വരാൻ ദമ്ബതികള്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ചെറുപാക്കറ്റുകളിലേക്ക് ആക്കാൻ സമയം കിട്ടും മുൻപ് തന്നെ ദമ്ബതികളെ തേടി പൊലീസ് എത്തുകയായിരുന്നു.രണ്ട് കിലോയുടെ പാക്കറ്റുകളിലാക്കി 18.59 കിലോഗ്രാം ഹൈ‍ഡ്രോ പോണിക്സ് കഞ്ചാവാണ് പ്രതികള്‍ ബെംഗളൂരുവിലേക്ക് എത്തിച്ചത്.

കസ്റ്റംസിനെ വെട്ടിക്കാൻ കഴിഞ്ഞതിന്റെ ഓവർ കോണ്‍ഫിഡൻസില്‍ ഇരുന്ന ദമ്ബതികളെയാണ് പൊലീസ് പിടികൂടിയത്. കമ്മനഹള്ളിയിലെ മെക്കാനിക്ക് ആയ 34കാരൻ സൈഫുദ്ദീൻ ഷെയ്ഖ്, ഭാര്യയും 26കാരിയുമായ സാറ സിമ്രാൻ എന്നിവരെയാണ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് ആണ് ഇവരുടെ അറസ്റ്റിനേക്കുറിച്ച്‌ വിവരം നല്‍കിയത്. നവംബർ 30ന് മഹാലക്ഷ്മി ലേ ഔട്ടിന് സമീപത്തെ റാണി അബ്ബക്കാര ഗ്രൗണ്ടിന് സമീപത്ത് വച്ചാണ് ഇവർ പിടിയിലായത്. പുതുവർഷ ആഘോഷം ലക്ഷ്യമിട്ടായിരുന്നു ദമ്ബതികള്‍ ഹൈഡ്രോപോണിക്സ് കഞ്ചാവ് എത്തിച്ചത്. കസ്റ്റംസിനെ വിദഗ്ധമായി കബളിപ്പിക്കാൻ ഇവർക്ക് സാധിച്ചെങ്കിലും തായ്ലാൻഡില്‍ നിന്ന് എത്തുന്ന രണ്ട് യാത്രക്കാർ വലിയ അളവില്‍ കഞ്ചാവ് കൊണ്ടുവരുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.കസ്റ്റമർക്ക് ഹൈഡ്രോപോണിക്സ് കഞ്ചാവ് വിതരണം ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് അറസ്റ്റ്. മുൻപ് യാതൊരു വിധ ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാതിരുന്നതാകാം ഇത്തരത്തില്‍ ഇവരെ കഞ്ചാവ് കടത്തിന് ഉപയോഗിച്ചതിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ബാങ്കോക്കില്‍ നിന്നാണ് ഇവർ ബെംഗളൂരുവിലേക്ക് എത്തിയത്. വിസിറ്റിംഗ് വിസയിലാണ് ഇവർ തായ്ലാൻഡ് സന്ദർശിച്ചത്. ഇവരെ കഞ്ചാവ് കടത്തിന് ഉപയോഗിച്ചതിന് പിന്നില്‍ മറ്റാരോ ആണെന്ന സംശയത്തിലാണ് പൊലീസുള്ളത്. ഇത്രയധികം കഞ്ചാവ് കസ്റ്റംസ് പരിശോധനയില്‍ രക്ഷപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് വിശദമാക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ദമ്ബതികളെ 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group