ബെംഗളൂരു: നഗരത്തിലെ റോഡുകളുടെ മുഖം മിനുക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) പരിധിയിലെ റോഡുകളില്‍ നടപ്പിലാക്കുന്ന വൈറ്റ്-ടോപ്പിങ് ജോലികള്‍ക്ക് ഗണ്യമായ വേഗത കൈവരിച്ചതായാണ് അധികൃതർ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.നിലവില്‍ 1487 കോടി രൂപ ചെലവില്‍ 14 പ്രോജക്റ്റ് പാക്കേജുകളിലായി 104 റോഡുകളില്‍ (145.68 കിലോമീറ്റർ) നിർമ്മാണ പ്രവർത്തനങ്ങള്‍ സജീവമായി പുരോഗമിക്കുകയാണ്.ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി പരിധിയിലെ പ്രധാനപ്പെട്ട 18 റോഡുകളിലെ വൈറ്റ്-ടോപ്പിംഗ് ജോലികള്‍ വേഗത്തിലാക്കുകയാണെന്ന് ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി-സ്മൈല്‍) ചീഫ് എഞ്ചിനീയർ രാഘവേന്ദ്ര പ്രസാദ് തന്നെയാണ് അറിയിച്ചത്. നഗരത്തിലെ ഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.’16 പാക്കേജുകളിലായി 161.78 കിലോമീറ്റർ റോഡുകളില്‍ 1,700 കോടി ചെലവില്‍ (800 കോടി സംസ്ഥാന സർക്കാർ ഗ്രാന്റ്, 900 കോടി എസ്ക്രോ ഫണ്ട്) വൈറ്റ്-ടോപ്പിംഗ് നടന്നുവരുന്നു’ എന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ 104 റോഡുകളില്‍ (145.68 കിലോമീറ്റർ) 1487 കോടി ചെലവില്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.
14 റോഡുകളിലെ (16.1 കിലോമീറ്റർ) ടെൻഡർ നടപടികള്‍ പുരോഗമിക്കുകയാണ്.വൈറ്റ്-ടോപ്പിംഗ് നടക്കുന്ന മേഖലകളില്‍ കുടിവെള്ള പൈപ്പുകള്‍, മഴവെള്ള ഓടകള്‍, ഭൂഗർഭ ഡ്രെയിനേജുകള്‍ എന്നിവ സ്ഥാപിക്കുമ്ബോള്‍ മുന്നറിയിപ്പ് ടേപ്പുകളും ബാരിക്കേഡുകളും ഉള്‍പ്പെടെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കാൻ കരാറുകാർക്ക് കർശന നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും രാഘവേന്ദ്ര പ്രസാദ് കൂട്ടിച്ചേർത്തു.2016നും 2023നും ഇടയില്‍ 124.17 കിലോമീറ്റർ ദൂരമുള്ള 47 റോഡുകളില്‍ വൈറ്റ്-ടോപ്പിംഗ് പൂർത്തിയാക്കിയിരുന്നു. നിലവില്‍ 145.68 കിലോമീറ്ററിലെ 104 റോഡുകളില്‍ ജോലികള്‍ നടന്നുവരുന്നു. 2025-28 കാലയളവില്‍ 488 കിലോമീറ്റർ റോഡുകളില്‍ വൈറ്റ്-ടോപ്പിംഗ് ജോലികള്‍ നടപ്പിലാക്കാൻ നിർദ്ദേശം തയ്യാറാക്കുകയാണെന്നും പ്രസാദ് വ്യക്തമാക്കി.ഈ ജോലികള്‍ IRC:SP:76-2015 ല്‍ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് രൂപകല്‍പ്പന ചെയ്ത് നടപ്പിലാക്കുന്നത്. ട്രാഫിക് വകുപ്പില്‍നിന്നുള്ള അനുമതി ലഭിക്കുന്നതിലെ കാലതാമസവും ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡുമായി ബന്ധപ്പെട്ട പൈപ്പ് ലൈൻ/ ഡ്രെയിനേജ് ജോലികളുമാണ് വൈറ്റ്-ടോപ്പിംഗ് പദ്ധതി നേരിടുന്ന പ്രധാന വെല്ലുവിളികള്‍.എന്താണ് വൈറ്റ് ടോപ്പിംഗ് പദ്ധതി?പൊതുവെ ഗതാഗത കുരുക്കിന് പേരുകേട്ട ഇടമാണ് ബെംഗളൂരു നഗരം. അതിന്റെ പേരില്‍ ഇക്കാലമത്രയും നഗരത്തിന് കേള്‍ക്കേണ്ടി വന്ന പഴികള്‍ ചില്ലറയൊന്നുമല്ല. തിരക്കേറിയ നഗരവീഥികളിലൂടെയുള്ള യാത്ര പലരുടെയും പേടി സ്വപ്നമായിരുന്നു. ആയിരക്കണക്കിന് വാഹനങ്ങള്‍ പലയിടത്തായി കുടുങ്ങി കിടക്കുന്നതും ബെംഗളൂരു നഗരത്തിലെ തനത് കാഴ്ചയായിരുന്നു. എന്നാല്‍ മെട്രോ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വന്നതോടെ അതില്‍ മാറ്റമുണ്ടായിട്ടുണ്ട്.അതിനെ മറികടക്കാനുള്ള ആദ്യപടിയായി റോഡുകളുടെ നവീകരണം പ്രഖ്യാപിച്ചത്. വൈറ്റ് ടോപ്പിങ്ങിലൂടെ നഗരത്തിലെ റോഡുകളിലെ കുഴികള്‍ അടയ്ക്കാനും അറ്റകുറ്റ പണികള്‍ തീർക്കാനുമാണ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ ശ്രമം. നേരത്തെ 2016ല്‍ തുടക്കമിട്ടെങ്കിലും ഈ പദ്ധതി കാര്യമായി മുന്നേറിയിരുന്നില്ല. എന്നാല്‍ അടുത്തകാലത്തായി അത് വീണ്ടും ഉണർവിലേക്ക് വന്നതോടെ നഗരവാസികള്‍ എല്ലാവരും പ്രതീക്ഷയിലാണ്.സാധാരണ ടാറിട്ട റോഡുകളെക്കാള്‍ ഉയർന്ന ഈടുനില്‍പ്പ് വൈറ്റ് ടോപ്പിങ് ചെയ്ത റോഡുകള്‍ക്കുണ്ടാകും. 10 മുതല്‍ 15 വർഷം വരെ ഇവ ഈടുനില്‍ക്കുമെന്നാണ് കരുതപ്പെടുന്നത്. കോണ്‍ക്രീറ്റ് വൈറ്റ് ടോപ്പിങ് നടത്തുക മാത്രമല്ല, നടപ്പാതകളും ഇതിന്റെ ഭാഗമായി മെച്ചപ്പെടുത്തും. മഴവെള്ളം ഒഴുകിപ്പോകേണ്ട ഓടകള്‍ നവീകരിക്കുകയും റോഡിലെ ലേനുകളുടെ അകലം കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പദ്ധതി പൂർത്തിയാവുന്നതോടെ ബെംഗളൂരുവിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസമാവും.