ബെംഗളൂരു: ഇരുചക്രവാഹനമോഷണക്കേസില്‍ രണ്ടു മലയാളി യുവാക്കള്‍ മംഗളൂരുവില്‍ അറസ്റ്റിലായി. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി അമല്‍ കൃഷ്ണ (25), കണ്ണൂര്‍ ഒറ്റത്തൈ സ്വദേശി അലക്സ് ഡൊമിനിക് (25) എന്നിവരാണ് കങ്കനാടി പോലീസിന്റെ പിടിയിലായത്.നവംബർ 14 ന് സുഹൃത്തുക്കളെ കാണാൻ മംഗളൂരുവിലെത്തിയ പ്രതികള്‍ മംഗളൂരു ജംഗ്ഷൻ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് ചുറ്റിത്തിരിയുകയായിരുന്നു.
പിന്നീട് നാഗുരി ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിട്ടിരുന്ന ഒരു സ്കൂട്ടറും ജപ്പീനമോഗരുവിലെ ആദിമായ ക്ഷേത്രത്തിന് സമീപം നിർത്തിയിട്ടിരുന്ന മറ്റൊരു സ്കൂട്ടറും മോഷ്ടിച്ചു. താക്കോലില്ലാത്ത സ്കൂട്ടറിലെ ബാറ്ററി വയറുകള്‍ പരസ്പരം ബന്ധിപ്പിച്ചാണ് ഇവര്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തതെന്നു പോലീസ് പറഞ്ഞു.സ്കൂട്ടറുകളുമായി കേരളത്തിലേക്കു കടന്ന ഇരുവരും വീണ്ടും മംഗളൂരുവിലേക്ക് വന്നപ്പോഴായിരുന്നു അറസ്റ്റ്. മോഷണം നടന്നപ്പോള്‍ തന്നെ കങ്കനാടി സിറ്റി പോലീസിന് പ്രതികളെ കുറിച്ച് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നു കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനിരിക്കെയാണ് ഇവര്‍ വീണ്ടും മംഗളൂരുവില്‍ വരുന്നുണ്ടെന്ന വിവരം ലഭിച്ചത്. ഇതോടെ പോലീസ് കാത്തിരിക്കുകയായിരുന്നു. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നായിരുന്നു അറസ്റ്റ്. മോഷ്ടിച്ച സ്കൂട്ടറുകള് പോലീസ് സംഘം ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.