ബെംഗളൂരു നഗരത്തില്‍ യാത്രയ്ക്കായി പൊതുഗതാഗതത്തെ ആശ്രയിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇ-ഡ്രൈവ് പദ്ധതി പ്രകാരം ബെംഗളൂരുവിന് 4500 ഇ-ബസുകള്‍ കൂടി ലഭിക്കും.ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് 4500 ഇലക്‌ട്രിക് ബസുകള്‍ അനുവദിച്ചിരിക്കുന്നത്. ലോക്‌സഭയില്‍ കേന്ദ്ര ഘന വ്യവസായ മന്ത്രി ഭൂപതി രാജു ശ്രീനിവാസ വര്‍മ്മയാണ് നഗരത്തിലെ പൊതു ഗതാഗതത്തിന് മുതല്‍ക്കൂട്ടാവുന്ന പ്രഖ്യാപനം നടത്തിയത്. ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്.ഹൈദരാബാദ്, സൂറത്ത്, അഹമ്മദാബാദ്, ഡല്‍ഹി എന്നീ നഗരങ്ങള്‍ക്ക് ആകെ 10900 ബസുകളാണ് അനുവദിച്ചിരിക്കുന്നത്. എണ്ണം നോക്കുമ്ബോള്‍ ബെംഗളുരുവിനാണ് ഏറ്റവും കൂടുതല്‍ ബസുകള്‍ ലഭിച്ചത്. വൈദ്യുതി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്‌ട്രിക് വെഹിക്കിള്‍സ് (ഫെയിം) പദ്ധതി പ്രകാരമാണ് ബസുകള്‍ അനുവദിച്ചിരിക്കുന്നത്.കര്‍ണാടക സംസ്ഥാനത്ത് ആകെ 6862 ഇലക്‌ട്രിക് ബസുകളാണ് ഫെയിം പദ്ധതി പ്രകാരം നിരത്തിലിറക്കിയിരിക്കുന്നത്.
നേരത്തെ ഫെയിം 2 പദ്ധതി പ്രകാരം ബിഎംടിസിക്ക് 1221 ഇ-ബസുകളും കേന്ദ്ര സഹായമായി 517.23 കോടി രൂപയും ലഭിച്ചിരുന്നു.പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ബെംഗളൂരുവിനെ പരിഗണിക്കാതിരുന്നതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കര്‍ണാടകയ്ക്ക് 425 ബസുകള്‍ ലഭിച്ചെങ്കിലും ബിഎംടിസിക്ക് ഒന്നും കിട്ടിയിരുന്നില്ല. ഈ പ്രതിഷേധത്തിനാണ് രണ്ടാം ഘട്ടത്തില്‍ പരിഹാരം കണ്ടത്.നോണ്‍ എസി വിഭാഗത്തില്‍പ്പെട്ട 4000 വലിയ ബസുകളും 500 മിനി ബസുകളും ആണ് അനുവദിച്ചത്. നഗരത്തിലെ ബസുകളുടെ എണ്ണം മൂന്നു വര്‍ഷത്തിനം ഒരു ലക്ഷമായി ഉയര്‍ത്താനാണ് ബിഎംടിസി ഉദ്ദേശിക്കുന്നത്. ഡീസല്‍ ബസുകളെ അപേക്ഷിച്ച് പ്രവര്‍ത്തന ചെലവ് ഇ-ബസുകള്‍ക്ക് കുറവാണ്.ഇതുകൂടാതെ മറ്റൊരു സുപ്രധാനമായ പ്രഖ്യാപനവും കേന്ദ്ര ഘന വ്യവസായ സഹമന്ത്രി നടത്തി. ബെംഗളൂരുവിലെ നാലു പ്രധാന ഇടനാഴികളിലായി 236 ഇലക്‌ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു. ഇതില്‍ ബെംഗളൂരു-പൂനെ ഹൈവേയില്‍ 109 എണ്ണം, ബെംഗളൂരു-ഹൈദരാബാദ് ഹൈവേയില്‍ 64 എണ്ണം, ബെംഗളൂരു-മൈസുരൂ എക്‌സ്പ്രസ് വേയില്‍ 33 എണ്ണം, ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയില്‍ 30 എണ്ണം എന്നിങ്ങനെയാണ് ഇലക്‌ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചത്.അതേസമയം, അയല്‍ സംസ്ഥാനങ്ങള്‍ പൊതുഗതാഗതത്തിനായി ഇലക്‌ട്രിക് ബസുകള്‍ വ്യാപിപ്പിക്കുമ്ബോള്‍ ഇക്കാര്യത്തില്‍ കേരളം ഏറെ പിന്നിലാണ്. കെഎസ്‌ആര്‍ടിസി ഡീസല്‍ ബസുകളെ മാത്രം ആശ്രയിച്ചാണ് കേരളം മുന്നോട്ടുപോകുന്നത്. 2024 മെയ് മാസത്തിലാണ് കേന്ദ്രം പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതി പ്രഖ്യാപിച്ചത്. പൊതു ഗതാഗതത്തില്‍ പരിസ്ഥിതി സൗഹൃദ ബദല്‍ സംവിധാനങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് ഇലക്‌ട്രിക് ബസുകള്‍ അവതരിപ്പിച്ചത്.