ബെംഗളൂരുവില്‍ റോഡപകടത്തിന് പിന്നാലെ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. സദാശിവനഗറിലെ 10-ാം ക്രോസിലെ വണ്‍വേ റോഡിന്റെ തെറ്റായ വശത്ത് കൂടിയെത്തിയ ഓട്ടോറിക്ഷയാണ് സ്കൂട്ടറില്‍ ഇടിച്ച് അപകടമുണ്ടാക്കിയത്.പിന്നീട് സംഭവമറിഞ്ഞെത്തിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ഇതേ ഡ്രൈവർ വാഹനത്തില്‍ കടത്തിക്കൊണ്ട് പോവുകയായിരുന്നു.നവംബർ 27ന് രാത്രിയായിരുന്നു സംഭവം. അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥൻ ഗതാഗത നിയമം ലംഘിച്ചതിന് ഡ്രൈവറെ ചോദ്യം ചെയ്തു. ഓട്ടോയുടെ ഉള്ളില്‍ കയറിയിരുന്ന ഇദ്ദേഹം വാഹനം റോഡരികിലേക്ക് പാർക്ക് ചെയ്യാൻ ഡ്രൈവറോട് നിർദ്ദേശിച്ചു.
ഡ്രൈവർ ആദ്യം സമ്മതിച്ചെങ്കിലും, പൊടുന്നനെ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. നിർത്താൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഡ്രൈവർ വേഗത വർധിപ്പിച്ച് മുന്നോട്ടേക്ക് പോവുകയാണ് ചെയ്തതെന്ന് ഉദ്യോഗസ്ഥൻ പരാതിയില്‍ പറയുന്നു.ഇതിനിടെ അദ്ദേഹം റോഡിലേക്ക് വീഴുകയും വാക്കി-ടോക്കി പൂർണമായി തകരുകയും ചെയ്തു. അതേസമയം ഡ്രൈവറെ ഇതുവരെ പിടികൂടാനായിട്ടില്ല. ഗംഗന്നഗറിന് സമീപം വാഹനം ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെട്ടതായാണ് പൊലീസ് പറയുന്നത്. ഓട്ടോറിക്ഷ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പരിശോധനയില്‍ വാഹനത്തിനുള്ളില്‍ ഒരു കത്തി കണ്ടെത്തി.പൊതുജന സുരക്ഷയെ അപകടത്തിലാക്കുക, അപകടമുണ്ടാക്കുക, പൊലീസിന്റെ കൃത്യനിർവ്വഹണത്തെ തടസ്സപ്പെടുത്തുക, സർക്കാർ ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുക, വാഹനത്തില്‍ ആയുധം കൊണ്ടുപോകുക എന്നീ കുറ്റങ്ങളാണ് ഡ്രൈവർക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിയായ ഡ്രൈവർക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സദാശിവനഗർ ട്രാഫിക് പൊലീസ് അറിയിച്ചു.