ബെംഗളൂരു: സംസ്ഥാനത്ത് എടിഎം വാഹനങ്ങള്‍ കൊള്ളയടിക്കപ്പെടുന്നതിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്ബേ കർണാടകയില്‍ വീണ്ടും അമ്ബരപ്പിക്കുന്ന മോഷണം.ബെലഗാവിയിലെ ഒരു എടിഎം മെഷീൻ പൂർണ്ണമായും ഇളക്കിയെടുത്ത് ഉന്തുവണ്ടിയില്‍ വെച്ച് കടത്തിക്കൊണ്ടുപോയാണ് കവർച്ചക്കാർ പോലീസിനെ വെല്ലുവിളിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ദേശീയപാത-48-നോട് ചേർന്ന ഹോസവന്തമുരിയിലാണ് സംഭവം.മൂന്നംഗ സംഘമാണ് മോഷണത്തിന് പിന്നില്‍. ഇവർ ഉന്തുവണ്ടിയുമായാണ് എടിഎം കൗണ്ടറിലെത്തിയത്. കൗണ്ടറില്‍ അതിക്രമിച്ചു കയറിയ മോഷ്ടാക്കള്‍, സുരക്ഷാ അലാറം മുഴങ്ങാതിരിക്കാനായി സെൻസറുകളില്‍ കറുത്ത പെയിന്റ് സ്പ്രേ ചെയ്തു.
സുരക്ഷാ സംവിധാനങ്ങള്‍ പ്രവർത്തനരഹിതമാക്കിയ ശേഷം, സംഘം എടിഎം മെഷീൻ മുഴുവനായും വേർപെടുത്തി ഉന്തുവണ്ടിയില്‍ കയറ്റി. ഏതാണ്ട് 200 മീറ്ററോളം തള്ളിക്കൊണ്ടുപോയ ശേഷം അവിടെ കാത്തുനിർത്തിയിരുന്ന വാഹനത്തില്‍ കയറ്റി കവർച്ചക്കാർ രക്ഷപ്പെടുകയായിരുന്നു.കവർച്ച നടക്കുമ്ബോള്‍ എടിഎമ്മില്‍ ഒരു ലക്ഷം രൂപയിലധികം പണമുണ്ടായിരുന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ അറിയാൻ കഴിഞ്ഞത്. പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തുകയും പ്രതികള്‍ക്കായി തിരച്ചില്‍ ഊർജിതമാക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും പ്രതികളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.