ചെന്നൈ : ചെന്നൈയില്‍ സെൻട്രല്‍, ഹൈക്കോടതി സ്റ്റേഷനുകള്‍ക്കിടയിലുള്ള തുരങ്കത്തിനുള്ളില്‍ മെട്രോ ട്രെയിൻ കുടുങ്ങി.യാത്രക്കാരെ ഉടൻ തന്നെ സുരക്ഷിതമായി പുറത്തിറക്കി. തകരാറിലായ ട്രെയിൻ ട്രാക്കില്‍ നിന്ന് നീക്കം ചെയ്തു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കുറഞ്ഞത് 20 യാത്രക്കാർ രണ്ട് സ്റ്റേഷനുകള്‍ക്കിടയില്‍ കിടന്നു. തുടർന്ന് വേറെ വഴിയില്ലാതെ യാത്രക്കാർ തുരങ്കത്തിലെ ട്രാക്കിലൂടെ നടന്ന് അടുത്ത സ്റ്റേഷനിലെത്തി.വിംകോ നഗർ ഡിപ്പോയ്ക്കും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലുള്ള ബ്ലൂ ലൈനിലാണ് സാങ്കേതിക തകരാർ സംഭവിച്ചത്.
സെൻട്രല്‍ മെട്രോയ്ക്കും ഹൈക്കോർട്ട് സ്റ്റേഷനുമിടയിലുള്ള തുരങ്കത്തിലാണ് ട്രെയിൻ കുടുങ്ങിയത്. ട്രെയിനിനുള്ളില്‍ പെട്ടന്ന് വൈദ്യുതി നിലച്ചതോടെ യാത്രക്കാർ പരിഭ്രാന്തരായി.ഏകദേശം 10 മിനിറ്റോളം ട്രെയിൻ യാത്രക്കാരുമായി കിടന്നു. അതിന് ശേഷമാണ് അടുത്തുള്ള ഹൈക്കോർട്ട് സ്റ്റേഷനിലേക്ക് നടന്നുപോകാൻ യാത്രക്കാർക്ക് നിർദ്ദേശം ലഭിച്ചത്. ഇരുട്ടില്‍ ട്രാക്കിലൂടെ യാത്രക്കാർ നടന്നുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.സാങ്കേതിക തകരാറോ, വൈദ്യുതി നിലച്ചതോ ആകാം ട്രെയിൻ നിശ്ചലമാകാൻ കാരണമെന്നാണ് വിലയിരുത്തല്‍. യാത്രക്കാർക്കുണ്ടായ പ്രശ്നത്തില്‍ ചെന്നൈ മെട്രോ റെയില്‍ അധികൃതർ ഖേദം പ്രകടിപ്പിച്ചു. മെട്രോ സർവീസുകള്‍ നിലവില്‍ സാധാരണ നിലയിലായതായും ചെന്നൈ മെട്രോ അധികൃതർ അറിയിച്ചു.അതേസമയം ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായാല്‍ യാത്രക്കാർ ഇതര പ്രവേശന കവാടങ്ങള്‍ ഉപയോഗിക്കണമെന്നും എല്ലാ സ്റ്റേഷനുകളിലും പടികള്‍ ഉപയോഗിക്കുമ്ബോള്‍ ജാഗ്രത പാലിക്കണമെന്നും ചെന്നൈ മെട്രോ റെയില്‍ നിർദ്ദേശിച്ചു.