ബെംഗളൂരു: കോണ്‍ഗ്രസ് ഹൈക്കമാന്റുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും കൂടിക്കാഴ്ചയ്ക്ക് സമയം തേടി. നേതാക്കള്‍ സമയം നല്കിയാല് ദില്ലിയിലെത്തി കൂടിക്കാഴ്ച നടത്താനാണ് തീരുമാനം.ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി നടത്തിയ രണ്ടാംവട്ട പ്രാതല്‍ ചർച്ചയ്ക്ക് പിന്നാലെയാണ് സിദ്ധരാമയ്യ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം തുടങ്ങിയത്. നാളെ കോണ്‍ഗ്രസ് സംഘടനാ സെക്രട്ടറി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി നേരിട്ട് കാണും. മംഗളൂരുവില്‍ വച്ചാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. കെ.സി വേണുഗോപാലിൻ്റെ നിർദേശം അനുസരിച്ചാണ് ഇടഞ്ഞുനിന്ന ഡികെ ശിവകുമാറും സിദ്ദരാമയ്യയും 2 തവണ പ്രാതല്‍ ചർച്ച നടത്തിയത്.
കർണാടകയില്‍ അധികാര തർക്കം ഒഴിയുന്നതിൻ്റെ സൂചനയായാണ് പ്രാതല്‍ ചർച്ചകളെ വിലയിരുത്തിയത്. 2028വരെ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിമായി തുടരാനാണ് ധാരണയെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ ഡികെ ശിവകുമാര്‍ പാർട്ടിയുടെ പ്രധാനമുഖമാകുമെന്നുമാണ് ധാരണയെന്നാണ് വിവരം. സിദ്ധരാമയ്യ അഞ്ച് വർഷം കാലാവധി പൂര്‍ത്തിയാക്കുന്നതില്‍ ഡികെ ശിവകുമാറും സമ്മതിച്ചതായി എഐസിസി വൃത്തങ്ങള്‍ അറിയിക്കുന്നു.ഇരുവരും തമ്മില്‍ അധികാര തര്‍ക്കം ഉണ്ടാകില്ലെന്ന ഉറപ്പാണ് ലഭിച്ചെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം. എംഎല്‍എമാരുമായി സംസാരിച്ച കോണ്‍ഗ്രസ് ഹൈക്കമാൻഡ് കൂടുതല്‍ പിന്തുണ സിദ്ദരാമയ്യക്കാണെന്ന് പറഞ്ഞതോടെയാണ് ഡികെ ശിവകുമാറും അയഞ്ഞത്. കര്‍ണാടകയിലെ മന്ത്രിസഭ രൂപീകരണ സമയത്ത് ആദ്യ രണ്ടര വര്‍ഷം സിദ്ധരാമയ്യയും പിന്നീടുള്ള രണ്ടര വര്‍ഷം ഡികെ ശിവകുമാറും മുഖ്യമന്ത്രിയാകുമെന്നായിരുന്നു തുടക്കത്തിലുണ്ടായിരുന്ന ധാരണ.