ബെംഗളൂരു: തെരുവുനായ്ക്കളെ നീക്കം ചെയ്യാനായി നായ്ക്കള്‍ ഉള്ള സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ നഗരത്തിലെ അഞ്ച് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെയും കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്കി സര്‍ക്കാര്‍.ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കളിസ്ഥലങ്ങള്‍, മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കം ചെയ്യാനുള്ള സുപ്രിംകോടതിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് നീക്കം.തെരുവുനായ്ക്കളെ കണ്ടെത്തുന്ന സ്ഥലങ്ങള്‍, നായ്ക്കളുടെ എണ്ണം, സ്വീകരിച്ച നടപടികള്‍, നിയമിച്ച നോഡല്‍ ഓഫീസര്‍മാര്‍ എന്നിവരുടെ പട്ടിക തയ്യാറാക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കത്ത് നല്കി.
വിവരം ലഭിച്ചാലുടന്‍ നായ്ക്കളെ മാറ്റി പാര്‍പ്പിക്കുന്നതിനും അവയ്ക്കായി ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും സുപ്രിംകോടതി നിര്‍ദേശപ്രകാരം നിയമങ്ങള്‍ പാലിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.സുപ്രിംകോടതി നിര്‍ദേശം നടപ്പിലാക്കാന്‍ ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി നടപടികള്‍ സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍, പൊതുസ്ഥലങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ പുറത്താക്കാനുള്ള സുപ്രിംകോടതി ഉത്തരവിനെതിരെ മൃഗസ്നേഹികള്‍ ചൊവ്വാഴ്ച ഫ്രീഡം പാര്‍ക്കില്‍ പ്രതിഷേധിക്കുമെന്ന റിപോര്‍ട്ടുകളും വരുന്നുണ്ട്. കോടതി വിധി തെരുവ് നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാകുമെന്നും പുതിയൊരു പ്രദേശത്ത് എത്തുന്ന ഈ നായ്ക്കള്‍ ഉത്കണ്ഠയും ഭയവും കാരണം ഭക്ഷണത്തിനായി ആക്രമിക്കാനുള്ള സാധ്യത കൂടുതലാണെന്നുമാണ് അവരുടെ വാദം.പുതിയൊരു സ്ഥലത്ത് മനുഷ്യരുമായി ഇണങ്ങാന്‍ നായ്ക്കള്‍ക്ക് കഴിയില്ല. ആക്രമണ സ്വഭാവം കാരണം അവ ആക്രമിച്ചേക്കാം. മൃഗങ്ങളുടെ ജനന നിയന്ത്രണ (എബിസി) നിയമങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുക എന്നതാണ് ഈ പ്രശ്നത്തിനുള്ള ഏക പരിഹാരം എന്ന് മൃഗാവകാശ പ്രവര്‍ത്തക സുജാത പ്രസന്ന പറഞ്ഞു.