ബംഗളൂരു: കർണാടകയുടെ കന്നടയാണെന്നും അരെഭാഷെ പോലുള്ള പ്രാദേശിക ഭാഷകൾ അതിനെ സമ്പന്നമാക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കന്നട സാംസ്കാരിക വകുപ്പും കർണാടക അരെഭാഷെ സാംസ്കാരിക സാഹിത്യ അക്കാദമിയും ചേർന്ന് രവീന്ദ്ര കലാക്ഷേത്രയിൽ സംഘടിപ്പിച്ച 2024ലെ അരെഭാഷെ അക്കാദമി ഓണർ അവാർഡുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദക്ഷിണ കന്നട, കുടക് ജില്ലകളിലാണ് അരെഭാഷ സംസാരിക്കുന്ന ഗൗഡകൾ കൂടുതലും താമസിക്കുന്നതെന്നും മൂന്ന് ലക്ഷത്തിലധികം ജനസംഖ്യയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഹേമാവതി നദി വറ്റിപ്പോയ വരൾച്ചക്കാലത്ത് സക്ലേഷ്പൂരിൽനിന്ന് സുള്ള്യയിലേക്ക് സമൂഹം നടത്തിയ നീക്കത്തെക്കുറിച്ച് 1882ലെ ഗസറ്റിൽനിന്നുള്ള ചരിത്ര പരാമർശങ്ങൾ അദ്ദേഹം ഓർമിപ്പിച്ചു.കാലക്രമേണ തുളു, കൊങ്കണി, കന്നട എന്നിവയുടെ മിശ്രിതം അരെഭാഷക്ക് കാരണമായി. ‘ഞാൻ പോകുന്നു’ എന്നതിന് വോണെയും ‘ഞാൻ വരുന്നു’ എന്നതിന് ബാനെയും പോലുള്ള വാക്കുകൾ ചില ശബ്ദങ്ങൾ എങ്ങനെ ഒഴിവാക്കപ്പെട്ടുവെന്നും അത് ഭാഷാഭേദത്തെ രൂപപ്പെടുത്തിയെന്നും പ്രതിഫലിപ്പിക്കുന്നു. ഗൗഡ സമുദായത്തിൽനിന്നുള്ള ഈ സമൂഹം ഒരു പ്രത്യേക സാംസ്കാരിക സ്വത്വം വഹിക്കുന്നുണ്ട്.
previous post