ബെംഗളൂരുവിലെ ഗതാഗതക്കുരിക്കിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ തുരങ്കപാത അവതാരിപ്പിക്കാനുള്ള നീക്കത്തിലാണ് സർക്കാർ.ഹെബ്ബാളില്‍ നിന്നും സില്‍ക്ക് ബോർഡ് വരെ ഏകദേശം 16.6 കിമി ദൈർഘ്യത്തിലാണ് പദ്ധതി ആലോചിക്കുന്നത്. തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ ട്രാഫിക് പ്രശ്നങ്ങളില്‍ നിന്നും ഐടി നഗരത്തിന് ശാപമോക്ഷമുണ്ടാകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.എന്നാല്‍ ഇപ്പോള്‍ പദ്ധതിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് വിദഗ്ധരും ആക്ടിവിസ്റ്റുകളും രംഗത്തെത്തി കഴിഞ്ഞു. സേവ് ബെംഗളൂരു എന്ന പേരിലാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. ശരിയായ രീതിയിലല്ല പദ്ധതി ആസൂത്രണം ചെയ്തതെന്നും സാമ്ബത്തികമായി നീതികരിക്കാനാവാത്തതാണ് പദ്ധതിയെന്നും ഇവർ കുറ്റപ്പെടുത്തി. നഗരത്തിന്റെ പരിസ്ഥിതിക്കും ജീവിതസാഹചര്യങ്ങള്‍ക്കും ഭീഷണിയാണ് തുരങ്കപാതയെന്നും ഇവർ ആരോപിച്ചു.’ 42,000 കോടി രൂപയുടേതാണ് പദ്ധതി, ഇത് അശാസ്ത്രീയമാണ്. വളരെ അധികം പാരിസ്ഥിതിക നാശത്തിന് കാരണമാകുന്നതാണ് പദ്ധതി.
ചെലവ് 70,000 കോടി രൂപയായി ഉയരാം. ദശകങ്ങളോളം നികുതിയും ടോളും വഴി പൗരന്മാർക്ക് ഇത് വലിയ ഭാരമായേക്കും’, ഇവർ പറഞ്ഞു.തുരങ്കങ്ങളിലൂടെ മണിക്കൂറില്‍ 1,800 കാർ യാത്രക്കാർക്ക് മാത്രമേ സഞ്ചരിക്കാൻ കഴിയൂ എന്നും എന്നാല്‍ മെട്രോയില്‍ 69,000 പേർക്കും ബിഎംടിസി ബസുകളില്‍ 1.75 ലക്ഷം പേർക്കും സഞ്ചരിക്കാനാകുമെന്നും സേവ് ബെംഗളൂരു കമ്മിറ്റി കണ്‍വീനർ ജി ശശികുമാർ ചൂണ്ടിക്കാട്ടി. പൊതുഗതാഗതത്തിനാണ് സർക്കാർ കൂടുതലായി നിക്ഷേപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.’ലാല്‍ബാഗ്, ഹെബ്ബാല്‍ തടാകം, സാങ്കി ടാങ്ക് തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ക്ക് സമീപം തുരങ്കങ്ങള്‍ ആസൂത്രണം ചെയ്തത് പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവും ജലസംബന്ധവുമായ അപകടസാധ്യതകള്‍ക്ക് കാരണമാകും. ഇതെല്ലാം അധികൃതർ അവഗണിച്ചു. കാറുകളെയല്ല, ആളുകളെയും ചരക്കുകളെയും നീക്കുന്നതിനുള്ള ലക്ഷ്യത്തിന് ഇത് വിപരീതവും വിനാശകരവുമാണ്. ഒരു മെട്രോ റെയില്‍ ലെയിനിന് മണിക്കൂറില്‍ 69,000 യാത്രക്കാരെ വഹിക്കാൻ കഴിയുമ്ബോള്‍, ഒരു തുരങ്കപാത ലെയിനിന് 1,800 പേരെ മാത്രമേ വഹിക്കാൻ കഴിയൂ, അതായത് ഏകദേശം 40 മടങ്ങ് വ്യത്യാസം’അംഗങ്ങള്‍ പറഞ്ഞു.ഇത്തരം പദ്ധതികള്‍ ഹരിതഗൃഹ വാതക ഉദ്‌വമനം വർദ്ധിപ്പിക്കാനും കാലാവസ്ഥാ ദുരന്തങ്ങള്‍ക്കും കാരണമാകുമെന്ന് ഐഐഎസ്‌സിയിലെ സെന്റർ ഫോർ ഇക്കോളജിക്കല്‍ സയൻസസിലെ പ്രൊഫസർ ടി.വി. രാമചന്ദ്ര ചൂണ്ടിക്കാട്ടി. മഴക്കാലത്ത് അണ്ടർപാസുകള്‍ അടച്ചിടുന്നത് പോലെ പതിവായി വെള്ളപ്പൊക്കത്തെ ലഘൂകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, അല്ലാതെ വിനാശകരമായ പദ്ധതികള്‍ക്ക് പിന്നാലെ പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തതോടെ പദ്ധതി നടപ്പാക്കാനാണ് സർക്കാർ നീക്കം. അദാനി ഗ്രൂപ്പ് അടക്കമുള്ള പ്രമുഖ കമ്ബനികള്‍ ബിഡുകള്‍ സമർപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ജനുവരി ആദ്യവാരത്തോടെ, തിരഞ്ഞെടുക്കപ്പെട്ട ഏജൻസിയുമായി കരാറില്‍ ഏർപ്പെട്ട് സംസ്ഥാന സർക്കാർ ടെൻഡറുകള്‍ നല്‍കും. നോർത്ത്-സൗത്ത് ടണലിന്റെ തറക്കല്ലിടല്‍ ചടങ്ങ് 2026 ഫെബ്രുവരിയില്‍ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഏകദേശം 5 വർഷമെടുത്തായിരിക്കും പദ്ധതി യാഥാർഥ്യമാകുക. പാത തുറന്നു കൊടുക്കുന്നതോടെ ഓരോ കിലോമീറ്ററിനും 19 രൂപ വീതമാണ് ടോള്‍ ഏർപ്പെടുത്തുക.