ബെംഗളൂരു: യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ നമ്മ മെട്രോ യെല്ലോ ലൈനിന്റെ (ആര്‍വി റോഡ്-ബൊമ്മസാന്ദ്ര) സമയക്രമത്തില്‍ മാറ്റം വരുത്തി.മെട്രോയെ ആശ്രയിക്കുന്ന ഓഫീസ് ജീവനക്കാര്‍ ദീര്‍ഘകാലമായി നേരിടുന്ന അസൗകര്യം പരിഹരിക്കുന്നതാണ് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡിന്റെ പുതിയ നടപടി. തിങ്കളാഴ്ചകളില്‍ യെല്ലോ ലൈനിലെ ആദ്യ സര്‍വീസ് ഇനി മുതല്‍ രാവിലെ അഞ്ചു മണിക്ക് ആരംഭിക്കും.ആര്‍വി റോഡ്-ബൊമ്മസാന്ദ്ര റൂട്ടിലോടുന്ന നമ്മ മെട്രോ യെല്ലോ ലൈനില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ആറ് മണിക്കായിരുന്നു സര്‍വീസുകള്‍ ആരംഭിച്ചിരുന്നത്. അതേസമയം ഗ്രീന്‍ ലൈനിലെ ട്രെയിന്‍ സര്‍വീസുകള്‍ പുലര്‍ച്ചെ ആരംഭിക്കും. ഗ്രീന്‍ ലൈന്‍ സര്‍വീസുകളില്‍ പുലര്‍ച്ചെ അഞ്ചു മണിയോടെ ആര്‍വി റോഡില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ആദ്യത്തെ യെല്ലോ ലൈന്‍ സര്‍വീസ് പിടിക്കാനായി ഏകദേശം 30-ലേറെ മിനിറ്റ് കാത്തിരിക്കേണ്ടി വരാറുണ്ട്.
ഗ്രീന്‍ ലൈനില്‍ നിന്ന് ഇറങ്ങി ഇലക്ട്രോണിക്സ് സിറ്റിയിലേക്കും ബൊമ്മസാന്ദ്രയിലേക്കുമുള്ള ഓഫീസ് യാത്രക്കാര്‍ക്കാരാണ് ഈ ദുരിതം അനുഭവിച്ചിരുന്നത്. ഈ കാത്തിരിപ്പിനാണ് ഇപ്പോള്‍ അവസാനമാകുന്നത്.അര മണിക്കൂര്‍ കാത്തിരിപ്പിനെതിരേ ആര്.വി. റോഡില്‍ ഐടി ജീവനക്കാര്‍ അടക്കമുള്ള യാത്രക്കാര്‍ പ്രതിഷേധിക്കുകയും ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. പുതിയ സമയക്രമം അനുസരിച്ച് തിങ്കളാഴ്ചകളില്‍ സര്‍വീസ് രാവിലെ അഞ്ച് മണിക്ക് തുടങ്ങും. ആര്‍വി റോഡില്‍ ഗ്രീന്‍ ലൈനില്‍ നിന്ന് മാറുന്ന യാത്രക്കാര്‍ക്ക് കാലതാമസം ഒഴിവാക്കാനാകും. രാവിലെ 5:05-നും 5:35-നും ഇടയില്‍ രണ്ട് അധിക ട്രെയിനുകള്‍ ഓടിക്കും.യെല്ലോ ലൈനിലെ ട്രെയിനുകളുടെ എണ്ണവും വൈകാതെ വര്‍ധിപ്പിക്കും. അടുത്ത മാസം ആറാമത്തെ ട്രെയിന്‍ സെറ്റ് എത്തുന്നതോടെ യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയും. സര്‍വീസുകള്‍ തമ്മിലുള്ള ഇടവേള 12-13 മിനിറ്റായി കുറയ്ക്കാന്‍ സാധിക്കും. ഡിസംബറോടെ രണ്ട് സെറ്റുകള്‍ കൂടി എത്തിച്ച് മൊത്തം ട്രെയിനുകളുടെ എണ്ണം എട്ടാക്കാനാണ് ബി.എം.ആര്.സി.എല്‍ ലക്ഷ്യമിടുന്നത്.അതേസമയം, മെട്രോ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നത് 2002-ലെ മെട്രോ റെയില്‍സ് ആക്ട് പ്രകാരം പിഴയും തടവും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ക്ക് അര്‍ഹമാണെന്ന് അധികൃതര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി. യാത്രക്കാര്‍ പുതുക്കിയ സമയക്രമത്തിനായി സ്റ്റേഷനുകളിലെ ഡിസ്പ്ലേകളും ഔദ്യോഗിക അറിയിപ്പുകളും പരിശോധിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.