Home കർണാടക കര്‍ണാടകയിലെ അധികാര തര്‍ക്കം ഒഴിയുന്നു, 2028വരെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരും, അടുത്ത തെരഞ്ഞെടുപ്പില്‍ ഡികെ പ്രധാന മുഖം

കര്‍ണാടകയിലെ അധികാര തര്‍ക്കം ഒഴിയുന്നു, 2028വരെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരും, അടുത്ത തെരഞ്ഞെടുപ്പില്‍ ഡികെ പ്രധാന മുഖം

by admin

ബെംഗളൂരു: കര്‍ണാടകയിലെ അധികാര തര്‍ക്കം ഒഴിയുന്നു. 2028വരെ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിമായി തുടരും. അടുത്ത തെരഞ്ഞെടുപ്പില്‍ ഡികെ ശിവകുമാര്‍ തന്നെയായിരിക്കും പ്രധാനമുഖമെന്നും സിദ്ധരാമയ്യ ഉറപ്പു നല്‍കി.സിദ്ധരാമയ്യക്ക് കാലാവധി പൂര്‍ത്തിയാക്കാൻ ഡികെ ശിവകുമാര്‍ സമ്മതിച്ചതായാണ് എഐസിസി വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇരുവരും തമ്മില്‍ അധികാര തര്‍ക്കം ഉണ്ടാകില്ലെന്ന ഉറപ്പാണ് ഹൈക്കമാന്‍ഡ് നേടിയത്. അടുത്ത തെരഞ്ഞെടുപ്പില്‍ ഡികെ തന്നെ മുഖമെന്ന് പ്രാതല്‍ ചര്‍ച്ചയ്ക്കിടെയാണ് സിദ്ധരാമയ്യ ഉറപ്പുനല്‍കിയത്. എംഎല്‍എമാരോട് സംസാരിച്ച്‌ സിദ്ധരാമയ്യക്ക് തന്നെയാണ് പിന്തുണയെന്ന് ഹൈക്കമാന്‍ഡ് ഉറപ്പിച്ചിരുന്നു. ഇക്കാര്യം ശിവകുമാറിനെയും ധരിപ്പിച്ചു. ഇതോടെയാണ് ശിവകുമാറും അയഞ്ഞത്. കര്‍ണാടകയിലെ മന്ത്രിസഭ രൂപീകരണ സമയത്ത് ആദ്യ രണ്ടര വര്‍ഷം സിദ്ധരാമയ്യയും പിന്നീടുള്ള രണ്ടര വര്‍ഷം ഡികെ ശിവകുമാറും മുഖ്യമന്ത്രിയാകുമെന്നായിരുന്നു ധാരണ.എന്നാല്‍, രണ്ടര വര്‍ഷമായിട്ടും സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ഡികെയെയും ഡികെയെ അനുകൂലിക്കുന്ന എംഎല്‍എമാരും അതൃപ്തരായിരുന്നു.

അധികാര കൈമാറ്റ ചര്‍ച്ചകളില്‍ കര്‍ണാടക കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായതിനിടെയാണ് ഇന്നലെ ഹൈക്കമാന്‍ഡിന്‍റെ നിര്‍ദേശ പ്രകാരം ശിവകുമാറും സിദ്ധരാമയ്യയും പ്രാതല്‍ ചര്‍ച്ച നടത്തിയത്. അടുത്തമാസം എട്ടിന് തുടങ്ങുന്ന കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം പൂര്‍ത്തിയാകും വരെ മുഖ്യമന്ത്രി പദവി കൈമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകളോ പരസ്യമായ അഭിപ്രായ പ്രകടനങ്ങളോ ഉണ്ടാകില്ലെന്ന ഉറപ്പോടെയാണ് ചര്‍ച്ച അവസാനിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെഔദ്യോഗിക വസതിയിലാണ് 40 മിനിറ്റോളം നീണ്ടുനിന്ന ഈ ചർച്ച നടന്നത്. ഇതോടെ കർണാടക കോണ്‍ഗ്രസിനെ ഉലച്ച അധികാര കൈമാറ്റ തർക്കത്തിനാണ് താല്‍ക്കാലിക വെടിനിർത്തല്‍ ഉണ്ടായത്.കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം ഡിസംബർ എട്ടിന് തുടങ്ങാനിരിക്കേ പ്രതിപക്ഷത്തിന് അനാവശ്യ ആയുധം നല്‍കരുതെന്ന ഹൈക്കമാന്റിന്‍റെ നിർദ്ദേശം ഇരുനേതാക്കളും അംഗീകരിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അനാവശ്യ പ്രസ്താവനകളോ സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള ഒളിപ്പോരോ നേതാക്കളുടെ ദില്ലി യാത്രയോ തല്‍ക്കാലം ഉണ്ടാകില്ലെന്നും തീരുമാനിച്ചു. പ്രധാനമന്ത്രിയാകാൻ കഴിയുമായിരുന്നിട്ടും പാർട്ടിക്കുവേണ്ടി സോണിയാഗാന്ധി ത്യാഗം ചെയ്തത് ഡികെ ഇന്നലെ ഒരു പ്രസംഗ മധ്യേ ചൂണ്ടിക്കാട്ടിയതോടെ തന്നെ സമവായ നീക്കത്തിന്‍റെ സൂചന വ്യക്തമായിരുന്നു. ഇതിനുപിന്നാലെ കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇന്നലെ ഇരു നേതാക്കളെയും ഫോണില്‍ വിളിച്ചിരുന്നു.കെസി വേണുഗോപാലിന്‍റെ നിർദ്ദേശപ്രകാരമായിരുന്നു ഇന്നലെ ചര്‍ച്ച നടന്നത്. തങ്ങള്‍ ഒറ്റക്കെട്ടാണെന്നും നേരത്തെയും ഇപ്പോഴും അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലായിരുന്നുവെന്നുമാണ് സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഇന്നലെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രി പദവി ഒഴിയില്ല എന്ന് അസന്ദിഗ്ദ്ധമായി തന്നെ സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുള്ള മുഖ്യമന്ത്രിയെ പിണക്കാൻ നേതൃത്വം തയ്യാറായെക്കില്ലെന്ന് ഡി കെ വിഭാഗത്തിനും വിവരം ലഭിച്ചതോടെയാണ് സമവായത്തിലേക്ക് നീങ്ങിയത്.

You may also like

error: Content is protected !!
Join Our WhatsApp Group